ഓണം ബംപറിന്റെ ഭാഗ്യവാൻ ദുബൈയിൽ; 12 കോടി ലഭിച്ചത് റസ്റ്ററന്റ് ജീവനക്കാരന്

  • 20/09/2021


ദുബൈ: കേരള സര്‍ക്കാറിന്റെ 12 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്​ തനിക്കാണെന്ന അവകാശവാദവുമായി​ ദുബൈയിലെ ഹോട്ടല്‍ ജീവനക്കാരനായ മലയാളി. അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റിലെ അടുക്കളയിൽ സഹായിയായ വയനാട് പനമരം സ്വദേശി സൈതലവി (45)യാണ് ആ ഭാഗ്യവാനെന്നാണ് അവകാശവാദം.

ഒരാഴ്ച മുൻപ് സൈതലവിക്ക് വേണ്ടി കോഴിക്കോട്ടെ സുഹൃത്താണ് TE 645465 നമ്പര്‍ ടിക്കറ്റ് എടുത്തത്. ഇവർ രണ്ടുപേരും നേരത്തെ കോഴിക്കോട്ടെ ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്. ഇതിന് ഗൂഗിൾ പേ വഴി 300 രൂപ സൈതലവി സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. തുടർന്ന് ടിക്കറ്റിന്റെ ചിത്രം സൈലതവിക്ക് വാട്സാപ്പ് വഴി അയച്ചുകൊടുക്കുകയും ചെയ്തു. സുഹൃത്ത് ഇപ്പോൾ പാലക്കാടാണ് ഉള്ളത് എന്നാണ് വിവരം. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്.

സൈതലവിയുടെ മകനും ബന്ധുവും വയനാട് നിന്ന് പാലക്കാട്ട് എത്തി ടിക്കറ്റ് നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. മകനും ബന്ധുക്കളും ടിക്കറ്റ് ഉടൻ ഏജൻസിയിൽ ഏൽപ്പിക്കും. ടിക്കറ്റ് കൈയിൽ കിട്ടി സമ്മാനം ഉറപ്പാക്കിയ ശേഷമേ സൈതലവി മാധ്യമങ്ങൾക്ക് മുന്നിൽ പോലും നിൽക്കുകയുള്ളൂ എന്ന് മൂൺ സ്റ്റാർ വണ്‍ റസ്റ്ററന്റിലെ ബഷീർ മനോരമ ഒാൺലൈനിനോട് പറഞ്ഞു. ആറ് വർഷത്തോളമായി ഇതേ റസ്റ്ററന്റിൽ ജോലി ചെയ്യുന്ന സൈതലവിയുടെ ഭാര്യയും രണ്ടു മക്കളും പനമരത്ത് വാടക ക്വാർട്ടേഴ്സിലാണ് താമസം.

ദുബൈയിലെ യു ട്യൂബർ തളിപ്പറമ്പ് സ്വദേശി ജാസിം കുട്ടിയസനാണ് സൈതലവി സമ്മാനം നേടിയ വിവരം ടിക് ടോക് വിഡിയോയിലൂടെ ലോകത്തെ അറിയിച്ചത്. ഇരുവരും ഒരേ കെ‌ട്ടിടത്തിലാണ് താമസം.

Related News