നാർക്കോട്ടിക് ജിഹാദ്: മുഖ്യമന്ത്രി മറുപടി പറയേണ്ട ആവശ്യമില്ലെന്ന് സുരേഷ് ഗോപി

  • 21/09/2021

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി. എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന് നല്ല ബുദ്ധിയുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കാര്യങ്ങൾ നന്നായി മനസ്സിലാവുന്നുണ്ടെന്നും സുരേഷ് ഗോപി എംപി പ്രതികരിച്ചു.

സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. സർക്കാർ ഇടപെടൽ രാജ്യതാൽപര്യത്തിന് വിരുദ്ധമാണെങ്കിൽ അപ്പോൾ പ്രതികരിക്കും. എല്ലായ്പ്പോഴും സർക്കാരിനെ കുറ്റം പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ പരിഗണിച്ചില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന പ്രസ്താവനകൾക്ക് സർക്കാർ മറുപടി പറയേണ്ട കാര്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനെ പിന്തുണച്ചാണ് സുരേഷ് ഗോപി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

Related News