വർഗീയ പ്രശ്നം: മുഖ്യമന്ത്രി എന്ത്‌ നടപടി സ്വീകരിച്ചെന്ന് വി. ഡി സതീശൻ

  • 22/09/2021


തിരുവനന്തപുരം: വർഗീയ പ്രശ്നമുണ്ടാകുമ്പോൾ അത് പരിഹരിക്കാൻ എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത് എന്നാണ് അദ്ദേഹം പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അനങ്ങാപ്പാറ നയമാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കുള്ളതെന്നും സതീശൻ ആരോപിച്ചു.

''സംഘപരിവാർ ഈ രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം വലുതാക്കാൻ ശ്രമിക്കുമ്പോൾ, അറിഞ്ഞോ അറിയാതെയോ ഈ വിഷയം നീണ്ടുപോകട്ടേ എന്ന ആഗ്രഹത്തിലാണ് സർക്കാരും സി.പി.എമ്മും നിലകൊള്ളുന്നത്. സാമൂഹിക മാധ്യമങ്ങളിൽക്കൂടി നടക്കുന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിൽ പോലീസ് ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല'' - അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം

പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർത്തമാനം വ്യാജ അക്കൗണ്ടുകളിലൂടെ സാമൂഹിക മാധ്യമങ്ങളിൽ നടന്നിട്ടും കേരളത്തിൽ ഒരാൾ പോലും അറസ്റ്റ് ചെയ്യപ്പെടുന്നില്ല. നാളെ സെക്രട്ടേറിയേറ്റിന് മുന്നിൽ മൈക്ക് കെട്ടിപ്പറഞ്ഞാലും അയാൾക്ക് അത് പറയാനുള്ള സ്വാതന്ത്ര്യമുണ്ടോ എന്നാണ് തങ്ങളുടെ ചോദ്യം. എന്തു വർഗീയ വിദ്വേഷം ഉയർത്തുന്ന പരാമർശം നടത്താനും ആർക്കും ഈ സംസ്ഥാനത്ത് സ്വാതന്ത്ര്യമുണ്ടോയെന്നും സതീശൻ ചോദിച്ചു. ഇത്രയും ദിവസമായിട്ടും ഒരാൾക്കെതിരെയും നടപടി എടുത്തിട്ടില്ല. ഈ കാര്യത്തിൽ കത്തു കൊടുത്തതാണ്. കത്തിന് മറുപടി പോലും തന്നിട്ടില്ല. സർവകക്ഷി യോഗം വിളിച്ച്, സമുദായ നേതാക്കന്മാരെ ഒരു മേശയ്ക്ക് ചുറ്റും ഇരുത്തി ഈ വിഷയം തീർക്കണം എന്ന് പറഞ്ഞിട്ട്, അങ്ങനെ തീർക്കേണ്ട ആവശ്യമില്ലെന്നാണ് പാർട്ടി സെക്രട്ടറിയും മന്ത്രിമാരും പറയുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു.

'ദിസ് ചാപ്റ്റർ ഈസ് ക്ലോസ്ഡ്' എന്നാണ് പാലായിലെ ബിഷപ്പിനെ കണ്ട ശേഷം മന്ത്രി വാസവൻ പറഞ്ഞത്. ഈ ചാപ്റ്റർ സർക്കാർ ക്ലോസ് ചെയ്തോ ? എങ്കിൽപിന്നെ എന്തിനാണ് ക്ലോസ് ചെയ്ത ചാപ്റ്റർ മുഖ്യമന്ത്രി ഇന്നലെ വീണ്ടും തുറന്നത്? മുഖ്യമന്ത്രി വീണ്ടും ഈ പ്രസ്താവന നടത്തിയതോടു കൂടി വാസവൻ ക്ലോസ് ചെയ്ത ചാപ്റ്റർ മുഖ്യമന്ത്രി എന്തിന് വീണ്ടും തുറന്നു? അപ്പോൾ ഇതിൽ കള്ളക്കളിയുണ്ട്. സിപിഎമ്മിനും സർക്കാരിനും കള്ളക്കളിയുണ്ട്. ആ കള്ളക്കളി മാറ്റിവെച്ച് കേരളത്തെ രക്ഷിക്കാൻ അടിയന്തരമായി സമുദായ നേതാക്കളുടെ യോഗം വിളിച്ച് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പ്രശ്നം അവസാനിപ്പിക്കണം. ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിക്കാൻ കഴിയും, എന്തുകൊണ്ട് ചെയ്യുന്നില്ല എന്നതാണ് തങ്ങളുടെ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.

Related News