ഏറ്റവും കൂടുതൽ വായുമാലിനീകരണം കൊച്ചിയിൽ, കുറവ് തിരുവനന്തപുരത്ത്; കേരളവും വായുമലിനീകരണ ഭീഷണിയിൽ

  • 23/09/2021


ന്യൂ ഡെൽഹി: ഡെൽഹിയെ പോലെ തന്നെ ഇപ്പൊൾ നമ്മുടെ കേരളത്തിലെ പല നഗരങ്ങളിലെയും വായുവിന് ഗുണനിലവാരമില്ലാതായി. വായു ഗുണനിലവാരത്തിന്റെ ആഗോള മാനദണ്ഡം ലോകാരോഗ്യ സംഘടന പരിഷ്കരിച്ചതോടെയാണ് കേരളവും വായുമലിനീകരണ ഭീഷണി പട്ടികയിൽ അകപ്പെട്ടത്. 

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് തിരുവന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂർ, തൃശ്ശൂർ എന്നിവിടങ്ങളിലെ വായു ഗുണനിലവാരം തത്സമയം അളക്കുന്നുണ്ട്. തിരുവന്തപുരത്തെ ഒരു കേന്ദ്രത്തിലൊഴികെ മറ്റെല്ലാ സ്ഥലങ്ങളിലും ഗുണ നിലവാര തോത് മോശം അവസ്ഥയിലാണ്. അതായത് ആരോഗ്യപരമായ ശ്വസനത്തിന് വേണ്ട ഗുണനിലവാരമുള്ള വായു കേരളത്തിലെ നഗരങ്ങളിൽ കുറവാണെന്നർത്ഥം.

വായു ഗുണനിലവാരം നിർണയിക്കുന്ന രണ്ട് എകകങ്ങളാണ് പി.എം 2.5 ഉം പി.എം 10 ഉം. വായുവിൽ അടങ്ങിയിരിക്കുന്ന 2.5 മൈക്രോമീറ്റർ വ്യാസമുള്ള കണങ്ങളാണ് പി.എം 2.5. 10 മൈക്രോമീറ്റർ വ്യാസമുള്ള കണങ്ങളാണ് പി.എം 10. ഇവ നമ്മുടെ ശ്വാസകോശത്തിന് അപകടകാരമാണ്. ഡബ്ലൂ.എച്ച്.ഓയുടെ പരിഷ്കരിച്ച മാനദണ്ഡ പ്രകാരം ഒരു ക്യൂബിക് മീറ്ററിൽ പി.എം 2.5ന്റെ അനുവദനീയമായ തോത് 25 ൽ നിന്ന് 15 മൈക്രോഗ്രാമായി കുറച്ചു. പി.എം 10 ന്റെ തോത് 50 ൽ നിന്ന് 45 മൈക്രോഗ്രാമുമാക്കി.

പുതിയ മാനദണ്ഡ പ്രകാരം വായു ഗുണനിലവാരം തത്സമയം രേഖപ്പെടുത്തുന്ന കേരളത്തിലെ നഗരങ്ങളിൽ തിരുവനന്തപുരത്ത് മാത്രമാണ് ആരോഗ്യപരമായ ശ്വസനം സാധ്യമാകുന്നത്. കൊച്ചിയിൽ അനുവദനീയമായതിന്റെ രണ്ടിരട്ടിയോളമാണ് പി.എം 2.5ന്റെ തോത്. കൊച്ചി വൈറ്റിലയിലെ കേന്ദ്രത്തിൽ രേഖപ്പെടുത്തിയ പി.എം 2.5 ന്റെ തോത് 28 മൈക്രോ ഗ്രാമാണ്. കോഴിക്കോട്, കൊല്ലം, കണ്ണൂർ നഗരങ്ങളിലും പി.എം 2.5 ന്റെ അളവ് ഇരട്ടിയിലധികമാണ്. പഠനങ്ങളുടെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടന പരിഷ്കരിച്ച മാനദണ്ഡത്തിന്റെ പരിധിയിൽനിന്ന് കേരളം ഉൾപ്പെടെ ഇന്ത്യയിലെ ഭൂരിപക്ഷ പ്രദേശങ്ങളും പുറത്താകും.

അതേസമയം ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന മാനദണ്ഡപ്രകാരമല്ല നിലവിൽ ഇന്ത്യയിൽ ഔദ്യോഗികമായി വായു ഗുണനിലവാരം അളക്കുന്നത്. ഡബ്ലൂ.എച്ച്.ഓയുടെ ഗുണനിലവാര തോതിനെക്കാൾ മുകളിലാണ് ഇന്ത്യയിലെ എകകങ്ങൾ. അതിനാൽ പുതിയ മാനദണ്ഡം സർക്കാരുകൾക്ക് ആശങ്ക ഉണ്ടാക്കില്ല. പക്ഷെ പ്രതിവർഷം 70 ലക്ഷം പേർ ലോകത്ത് വായു മലിനീകരണം മൂലമുള്ള രോഗങ്ങൾ ബാധിച്ച് മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. ഈ മരണക്ക് സർക്കാരുകൾക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന് ഉറപ്പാണ്.

Related News