രാജ്യത്തെ 412 ദൂരദർശൻ റിലേ കേന്ദ്രങ്ങൾ പൂട്ടുന്നു; സംസ്ഥാനത്ത്‌ 11 കേന്ദ്രങ്ങൾ ഇല്ലാതാകും

  • 24/09/2021



കണ്ണൂർ: രാജ്യത്തെ 412 ദൂരദർശൻ റിലേ കേന്ദ്രങ്ങൾ മൂന്നുഘട്ടങ്ങളായി പൂട്ടുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ 11 കേന്ദ്രങ്ങളും പൂട്ടും. ഇതോടെ, തിരുവനന്തപുരത്തെ ദൂരദർശൻകേന്ദ്രം മാത്രമാകും സംസ്ഥാനത്തുണ്ടാവുക.

അനലോഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ റിലേ സ്റ്റേഷനുകൾക്കൊപ്പം ഡിജിറ്റൽസംവിധാനത്തിലേക്കു മാറുന്ന 109 കേന്ദ്രങ്ങളും പൂട്ടുന്നതിൽ ഉൾപ്പെടും. വർഷം കോടികൾ നഷ്ടംസഹിച്ചാണ് ദൂരദർശൻ റിലേ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

കാഞ്ഞങ്ങാട്, കണ്ണൂർ, കൊച്ചി, കോഴിക്കോട്, പത്തനംതിട്ട, റിലേ സ്റ്റേഷനുകൾക്ക് അടുത്ത മാസം 31-ഓടെ താഴുവീഴും. അട്ടപ്പാടി, കല്പറ്റ, ഷൊർണൂർ എന്നിവ ഡിസംബറിലും ഇടുക്കി, മലപ്പുറം, പാലക്കാട് എന്നിവ 2022 മാർച്ച് 31-നും പൂട്ടും. പൂട്ടുന്നവയിൽ മൂന്നെണ്ണം ഹൈപവർ ട്രാൻസ്‌മിറ്റർ കേന്ദ്രങ്ങളും ബാക്കിയുള്ളവ ലോ-പവർ ട്രാൻസ്‌മിറ്റർ കേന്ദ്രങ്ങളുമാണ്.

ജമ്മുകശ്മീർ, ലഡാക്ക്, സിക്കിം, അന്തമാൻ-നിക്കോബാർ, ലക്ഷദ്വീപ് ഉൾപ്പെടെയുള്ള 54 കേന്ദ്രങ്ങൾ തത്കാലം നിലനിർത്തും. വടക്കുകിഴക്കൻ മേഖലകളിലെ 43 അനലോഗ് റിലേ കേന്ദ്രങ്ങളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന 109 റിലേ കേന്ദ്രങ്ങളും അടുത്ത മാർച്ച് 31 വരെ ഒറ്റ ഷിഫ്റ്റിൽ പ്രവർത്തിക്കും.

സി-കാറ്റഗറിയിൽപ്പെടുന്ന 109 റിലേ സ്റ്റേഷനുകൾ 2021 ഡിസംബർ 31-ന് സംപ്രേഷണം നിർത്തും. ബാക്കി 152 സ്റ്റേഷനുകൾ ഒക്‌ടോബർ 31-നകം പ്രവർത്തനം നിർത്തും. ഇവിടങ്ങളിലെ ജീവനക്കാരെ പുനർവിന്യസിക്കാൻ ഉത്തരവിറങ്ങി. പുനർവിന്യാസകാര്യത്തിൽ കൂടുതൽ വ്യക്തത വന്നിട്ടില്ല.

Related News