വൻസുരക്ഷാ വീഴ്ച; പട്ടാപ്പകൽ തിരുവനന്തപുരത്തെ ബ്രഹ്മോസിൽ ചെറിയ ബാഗുമായി അജ്ഞാതൻ കയറി; അന്വേഷണം ഊർജ്ജിതം

  • 24/09/2021


തിരുവനന്തപുരം: ചാക്കയിലെ ബ്രഹ്മോസ് എയ്‌റോ സ്‌പേസില്‍ അജ്ഞാതന്‍ കയറിയെന്ന സംശയത്തെ തുടര്‍ന്ന് രാത്രിയില്‍ പൊലീസ് പരിശോധന നടത്തി. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും രാത്രി വൈകിയും പരിശോധന തുടര്‍ന്നെങ്കിലും ആരെയും കണ്ടെത്താനായില്ല.

ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ഐ.എസ്.ആര്‍.ഒ പ്രതിനിധികളുടെ യോഗം ബ്രഹ്മോസില്‍ നടന്നിരുന്നു. യോഗം നടക്കുന്നതിനിടയില്‍ അഡ്മിനിട്രേഷന്‍ ബ്ലോക്കിന് പുറത്ത് ബാഗുമായി ഒരാളെ ബ്രഹ്മോസിലെ എച്ച്‌.ആര്‍ മാനേജര്‍ കണ്ടിരുന്നു. മിനിട്ടുകള്‍ക്ക് ശേഷം ഇയാളെ കാണാതായി. ഇയാള്‍ ഐ.എസ്.ആര്‍.ഒ പ്രതിനിധിയാണെന്ന് ആദ്യം കരുതിയെങ്കിലും ചര്‍ച്ചയ്‌ക്കെത്തിയ സംഘത്തോടൊപ്പം ഇയാള്‍ ഉണ്ടായിരുന്നില്ലെന്ന് സി.സി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.

ജീവനക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവര്‍ക്കും ബ്രഹ്മോസിലേക്ക് പ്രവേശിക്കണമെങ്കില്‍ ബാഗും മൊബൈല്‍ഫോണും ഗേറ്റിലെ സെക്യൂരിറ്റി ഓഫീസിലേക്ക് നല്‍കണം. എന്നാല്‍ ചെറിയ ഹാന്‍ഡ് ബാഗുമായി ഒരാള്‍ എങ്ങനെ അകത്ത് എത്തിയെന്ന സംശയത്തെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ബ്രഹ്മോസ് വളപ്പില്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടില്ല.

സുപ്രധാന വിവരം ചോര്‍ത്തുകയോ ബോംബോ മറ്റോ സ്ഥാപിക്കുകയോ ചെയ്‌തോ എന്ന ആശങ്കയെ തുടര്‍ന്ന് ആറു മണിയോടെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്നാണ് ശംഖുമുഖം അസി. കമ്മിഷണര്‍ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന തുടങ്ങിയത്. ബ്രഹ്മോസിലെ ഓരോ കെട്ടിടങ്ങളും രണ്ടുവട്ടം പരിശോധിച്ചു. സ്ഥാപനത്തിന് പുറത്തെ സി.സി ടിവി ദൃശ്യങ്ങളും പരിശോധിക്കാന്‍ പൊലീസ് നടപടി തുടങ്ങി.

Related News