കുടിയേറ്റമൊഴിപ്പിക്കലിനിടെ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം: വെടിവെപ്പിൽ രണ്ട് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു

  • 24/09/2021


ഗുവാഹത്തി: അസമിലെ ദാരംഗിൽ കുടിയേറ്റമൊഴിപ്പിക്കലിനിടെ പോലീസും നാട്ടുകാരും തമ്മിൽ സംഘർഷം. വെടിവെപ്പിൽ രണ്ട് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. ഒൻപത് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു. സംഭവത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അന്വേഷണം പ്രഖ്യാപിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പ്രതിഷേധക്കാർ തങ്ങൾക്ക് നേരെ കല്ലേറ് നടത്തിയതിനാലാണ് അടിച്ചമർത്താൻ തീരുമാനിച്ചതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.

തിങ്കളാഴ്ച ദോൽപുറിൽ 800 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചിരുന്നു. പരിക്കേറ്റ പ്രതിഷേധക്കാരെയും പോലീസുകാരെയും ആശുപത്രിയിൽ എത്തിച്ചുവെന്നും ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് സൂപ്രണ്ട് സുഷാന്ത ശർമ്മ പറഞ്ഞു. പോലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വെടിയേറ്റ് വീണ ഒരു പ്രതിഷേധക്കാരനെ മുഖംമൂടി ധരിച്ച ഒരു ഫോട്ടോഗ്രാഫർ നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. നേരത്തെ തന്നെ വടിയുമായി തല്ലാനോടിച്ചതിലെ പ്രതികാരമായിരുന്നു ഫോട്ടോഗ്രാഫർ.

ബിജോയ് ബനിയ എന്നയാളാണ് ഫോട്ടോഗ്രാഫർ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിഷേധക്കാരനെ നിലത്തിട്ട് ചവിട്ടിയ ഇയാളെ പോലീസാണ് പിന്തിരിപ്പിച്ചത്. സർക്കാരിന്റെ ഒരു കാർഷിക പദ്ധതിക്കായി 2800 ഏക്കറോളം സ്ഥലമാണ് ഒഴിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് പറയുന്നു. അനധികൃത കുടിയേറ്റം ഒഴിപ്പിക്കാനാണ് ശ്രമിച്ചതെന്നും എന്നാൽ പ്രതിഷേധക്കാർ ആക്രമണത്തിലേക്ക് തിരിയുകയായിരുന്നുവെന്നുമാണ് പോലീസ് വാദം.

ജൂണിൽ തന്നെ അനധികൃതമായി കുടിയേറ്റം നടത്തിയവർ ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നോട്ടീസ് നൽകിയിരുന്നു. അതേസമയം അസമിൽ നടന്നത് സർക്കാർ സ്പോൺസേർഡ് വെടിവെപ്പാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ആക്രമണത്തിനിരയായവർക്കൊപ്പമാണ് താനെന്നും ഇന്ത്യയുടെ ഒരു പൗരനും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാൻ പാടുള്ളതല്ലെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

Related News