ഗൾഫ് യാത്രക്കാർ അനുഭവിക്കുന്ന വിഷമം വളരെ വലുതാണ്; ന്യായീകരണമില്ലാത്തത്: പിണറായി വിജയൻ

  • 25/09/2021


തിരുവനന്തപുരം: കൊറോണ മൂലം ഗൾഫ് യാത്രക്കാർ അനുഭവിക്കുന്ന വിഷമം വളരെ വലുതാണെന്നും ന്യായീകരണമില്ലാത്തതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തി പരിഹാരം തേടാമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രവാസി മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുമായി ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ചർച്ച നടത്തി. യാത്രാക്ലേശം അടക്കം വിദേശ മലയാളികൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ പരിഗണിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രവാസിചിട്ടി മൂന്നു വർഷം കൊണ്ട് അഞ്ഞൂറുകോടി എന്നിടത്തേക്കു വളർന്നു. പ്രവാസികളെ സംസ്ഥാനത്തിൻറെ അടിസ്ഥാന സൗകര്യവികസനത്തിൽ പങ്കാളികളാക്കി അതുവഴി അവർക്ക് സാമ്പത്തിക സുരക്ഷിതത്വവും നാടിന് വികസനവും കൈവരുത്തുക എന്ന ആശയത്തിൻറെ ഫലപ്രാപ്തിയായിരുന്നു കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി.

ആദ്യ 250 കോടി രൂപ നിക്ഷേപിക്കുവാൻ ചിട്ടികൾ തുടങ്ങി 24 മാസം വേണ്ടിവന്നെങ്കിൽ അത് 500 കോടിയിലെത്തുവാൻ വെറും 10 മാസം മാത്രമേ വേണ്ടിവന്നുള്ളൂ. രജിസ്ട്രേഷൻ പൂർത്തിയാക്കിയ പ്രവാസികളുടെ എണ്ണം 1,13,000 കടന്നു. നിലവിൽ വിദേശത്ത് താമസിക്കുന്ന 1,02,812 പ്രവാസി മലയാളികളും ഇന്ത്യയിൽ കേരളത്തിന് പുറത്ത് താമസിക്കുന്ന 10,250 പ്രവാസി മലയാളികളും അടക്കം 1,13,062 പേർ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു.

എല്ലാ പ്രവാസികളും ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം നാടിൻറെ വികസനത്തിൽ പങ്കാളികളാകാനുള്ള ഈ അവസരം വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Related News