സുധീരനെ അനുനയിപ്പിക്കാന്‍ നേതൃത്വം; പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ചര്‍ച്ചകള്‍ നടത്തിയേക്കും

  • 26/09/2021


കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് രാജിവെച്ച വി. എം സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി നേതൃത്വം. സുധീരനെ അനുനയിപ്പിച്ച് രാഷ്ട്രീയകാര്യ സമിതിയില്‍ തിരികെ കൊണ്ടുവരാനുള്ള നീക്കമാണ് നേതൃത്വം നടത്തുന്നത്. .

ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ വി. എം സുധീരനെ നേരില്‍ക്കണ്ട് തര്‍ക്ക പരിഹാര ശ്രമം നടത്തും. ഇന്നും നാളെയും തിരുവനന്തപുരത്തുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും സുധീരനുമായി ആശയവിനിമയം നടത്തിയേക്കും.

സംഘടനയെ ശാക്തീകരിക്കാനുള്ള നീക്കവുമായി നേതൃത്വം മുന്നോട്ട് പോകുമ്പോള്‍ സുധീരന്‍ രാജിവച്ചത് ശരിയല്ലെന്ന നിലപാടും ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്. രാജിയില്‍ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്നസുധീരന്റെ നടപടിയില്‍ കടുത്ത അമര്‍ഷത്തിലാണ് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.

അതേസമയം, കെപിസിസി, ഡിസിസി ഭാരവാഹി നിയമനം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നു. ഇന്നും നാളെയുമായി അവസാനവട്ട ചര്‍ച്ചകള്‍ നടക്കും. കേരളത്തിലുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറും ചര്‍ച്ചകളില്‍ പങ്കാളികളാകും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായും താരിഖ് അന്‍വര്‍ ആശയവിനിമയം നടത്തിയേക്കും. അടുത്തയാഴ്ചയോടെ കെപിസിസി, ഡിസിസി ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

Related News