കാക്കനാട് മയക്കുമരുന്ന് കേസ്: പ്രതികൾക്ക് ശ്രീലങ്കൻ ബന്ധം ഉള്ളതായി കണ്ടെത്തൽ

  • 26/09/2021



കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികൾക്കും ഇവരുമായി ബന്ധപ്പെട്ടവർക്കും ശ്രീലങ്കൻ ബന്ധം ഉള്ളതായി കണ്ടെത്തി. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ശ്രീലങ്കൻ നമ്പറുകളിൽനിന്ന് പ്രതികളുടെ മൊബൈലിലേക്ക് ഫോൺവിളികൾ എത്തിയിട്ടുണ്ട്. ഇത് കേസിൽ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന്റെ ബന്ധമാണ് തെളിയിക്കുന്നത്.

കടൽവഴി കേരള-തമിഴ്നാട് തീരത്തേക്ക് മയക്കുമരുന്ന് എത്തുന്നുണ്ടെന്ന് ഇന്റലിജൻസും എൻ.സി.ബി.യും റിപ്പോർട്ട് ചെയ്തിരുന്നു.

കാക്കനാട് മയക്കുമരുന്നു കേസിൽ പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടമായ ചെന്നൈ ട്രിപ്ലിക്കെയിനും തീരപ്രദേശമാണ്. ട്രിപ്ലിക്കെയിൻ സംഘത്തെ നിയന്ത്രിക്കുന്നത് മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തമിഴ് വംശജരാണ്. ഇവർക്ക് ശ്രീലങ്കയിലെ എൽ.ടി.ടി.ഇ. സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

ട്രിപ്ലിക്കെയിൻ സംഘത്തെ കുറിച്ചുള്ള അന്വേഷണമാണ് നിലവിൽ കീറാമുട്ടിയായി നിൽക്കുന്നത്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ട്രിപ്ലിക്കെയിൻ സംഘത്തിന്റെ ഏജന്റുമാരുടെ ഫോൺ നമ്പറുകൾ എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ താമസസ്ഥലവും തിരിച്ചറിഞ്ഞു. ഇവിടെയെത്തി ഇവരെ പിടികൂടുക എളുപ്പമല്ല.

Related News