അനുനയചർച്ച വിജയിച്ചില്ല: എഐസിസി അംഗത്വവും രാജിവെച്ച് വി എം സുധീരൻ

  • 27/09/2021



തിരുവനന്തപുരം: വി എം സുധീരൻ എഐസിസി അംഗത്വവും രാജി വച്ചു. ഫലപ്രദമായ രീതിയിൽ ഹൈക്കമാൻഡ് ഇടപെട്ടില്ലെന്നാണ് സുധീരൻ്റെ പരാതി. ഇതിനാലാണ് രാജി. സംസ്ഥാന കോൺഗ്രസ് പുനസംഘടനിയിലെ അതൃപ്തി പരസ്യമാക്കി സുധീരൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് രാജി വച്ചിരുന്നു. എന്നാൽ കോൺഗ്രസിൽ തന്നെ തുടരുമെന്ന് സുധീരൻ വ്യക്തമാക്കിയിട്ടുണ്ട്. 

കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ സുധീരൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇടപെടലില്ലാത്തിൽ ദുഃഖമുണ്ടെന്നും രാജി കത്തിൽ പറയുന്നു. 

കെപിസിസി പുനസംഘടനാ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നിൽക്കെയുള്ള സുധീരൻ്റെ രാജിയിൽ കടുത്ത പ്രതിസന്ധിയിലായിരിക്കയാണ് കോൺഗ്രസ്. രാജി പിൻവലിക്കണമെന്ന കെപിസിസി ആവശ്യം സുധീരൻ അംഗീകരിച്ചില്ല. സുധീരൻ്റെ വീട്ടിലെത്തിയുള്ള സതീശൻ്റെ അനുനയചർച്ചയും വിജയിച്ചില്ല. പുനസംഘടനയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന സുധീരൻറെ പരാതി അംഗീകരിച്ച് സതീശൻ ക്ഷമാപണം നടത്തിയിട്ടും രക്ഷയില്ല. ഇതിന് പിന്നാലെയാണ് സുധീരൻ എഐസിസി അംഗത്വുവും രാജി വച്ചിരിക്കുന്നത്. 

അനുനയത്തിൽ രണ്ട് തട്ടിലാണ് കെപിസിസി. സതീശൻ്റെ സമവായ ലൈനല്ല സുധാകരന്. സതീശൻ സുധീരിൻ്റെ വീട്ടിലെത്തി ക്ഷമചോദിച്ചതിൽ സുധാകരന് അതൃപ്തിയുണ്ടെന്നും സൂചനയുണ്ട്.

പുനസംഘടനാ ചർച്ചയിൽ നിന്നൊഴിവാക്കിയതിൽ മാത്രമല്ല സുധീരൻ്റെ അതൃപ്തി. ദേശീയ നേതൃത്വം വേണ്ട പരിഗണന നൽകാത്തതിലും സുധീരന് പ്രതിഷേധമുണ്ട്. കെ സി വേണുഗോപാൽ ഇടപെട്ട് ദേശീയ തലത്തിലെ പദവികൾ ഇല്ലാതാക്കുന്നുവെന്നാണ് സുധീരൻ്റെ പരാതി. 

സുധീരനെ ഉടൻ അനുനയിപ്പിക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടപ്പോൾ ഇടപെടൽ ആവശ്യപ്പെട്ട് ടി എൻ പ്രതാപൻ സോണിയാഗാന്ധിക്ക് കത്ത് നൽകിയിട്ടുണ്ട്. 

Related News