കോടികളുടെ സാമ്പത്തിക തട്ടിപ്പ് : മോൻസൺ മാവുങ്കലിനെ പല കേസുകളിലും സംരക്ഷിച്ചത് ഉന്നതരെന്ന് കണ്ടെത്തൽ; തെളിവുകള്‍ പുറത്ത്‌

  • 27/09/2021


ചേർത്തല: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ പല കേസുകളിലും സംരക്ഷിച്ചത് ഉന്നതരെന്ന് കണ്ടെത്തൽ. ട്രാഫിക് ഐജി ജി. ലക്ഷ്മണ മോൻസണിനായി ഇടപെട്ടതിന്റെ ഇമെയിൽ വിവരങ്ങൾ പുറത്തുവന്നു. നേരത്തെ മോൻസണെതിരായ പരാതിയിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്ന് ചേർത്തല എസ്എച്ച്ഒയ്ക്ക് കൈമാറാൻ ലക്ഷമണ ആവശ്യപ്പെട്ടതിന്റെ തെളിവുകളാണ് പുറത്തുവന്നത്.

ആറര കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പന്തളം സ്വദേശി നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് ലക്ഷമണ ഇടപെട്ടത്. ഈ കേസിലെ അന്വേഷണം ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജില്ലാ ക്രൈബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാൽ കേസന്വേഷണം തിരിച്ച് ചേർത്തല എസ്എച്ച്ഒയ്ക്ക് കൈമാറാൻ സംസ്ഥാന പോലീസ് മേധാവിയുടെ പേരിൽ ട്രാഫിക് ഐജിയായ ജി. ലക്ഷ്മണ ഉത്തരവിറക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മണ അയച്ച ഇമെയിൽ വിവരങ്ങളാണിപ്പോൾ പുറത്തുവന്നത്.

കേസന്വേഷണം മാറ്റാൻ ലക്ഷ്മണ ഉത്തരവിട്ട ഇ-മെയിൽ വിവരങ്ങൾ മോൻസൺ തന്നെയാണ് പരാതിക്കാർക്ക് നൽകിയിരുന്നത്. തങ്ങളിൽ വിശ്വാസ്യതയുണ്ടാക്കാനാണ് മോൻസൺ ഐജിയുടെ ഉത്തരവ് കാണിച്ചുതന്നതെന്ന് പരാതിക്കാർ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.
സംസ്ഥാനത്തെ നിരവധി ഉന്നത പോലീസ് ഉദ്യോഗസ്ഥർ മോൻസണുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് വിവരം. 

കൊച്ചി നഗരത്തിലെ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെടുന്നു. അറസ്റ്റിന് തൊട്ടുമുമ്പ് ചേർത്തലയിൽ നടന്ന മോൻസണിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിലും പ്രമുഖരായ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരും മോൻസണും തമ്മിൽ നിയമവിരുദ്ധമായ ഇടപെടലുകളുണ്ടോയെന്നത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ഒക്ടോബർ ആറ് വരെ റിമാൻഡിലുള്ള മോൻസണെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.

Related News