സിംഹാസനത്തിൽ ബെഹ്റ, വാളേന്തി എഡിജിപി, ചേര്‍ന്നുനിന്ന് മന്ത്രിമാർ; മോന്‍സണ്‍ ചില്ലറക്കാരനല്ല

  • 27/09/2021



തിരുവനന്തപുരം: പുരാവസ്തുക്കളുടെ മറവിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ മണിക്കൂറും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പ്രമുഖർ, പോലീസ് ഉന്നതർ അടക്കമുള്ളവർ മോൻസൺ മാവുങ്കലുമായി ചേർന്ന് നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. മന്ത്രിമാർ പോലീസ് ഉദ്യോഗസ്ഥർ മറ്റു ഉന്നത സ്ഥാനത്തിരിക്കുന്നവർ തുടങ്ങി നിരവധി പേരുമായി ഇദ്ദേഹത്തിന് അടുപ്പമുണ്ടായിരുന്നു എന്നാണ് വിവരം.

ഉന്നത സ്ഥാനത്തിരിക്കുന്നവരെ വീട്ടിലേക്ക് ക്ഷണിക്കുക, പുരാവസ്തുശേഖരം എന്ന് അവകാശപ്പെടുന്ന വസ്തുക്കള്‍ കാണിച്ച് ഞെട്ടിക്കുക, അവരുടെ ഫോട്ടോകളെടുത്ത് പിന്നീട് തട്ടിപ്പിന് ഉപയോഗിക എന്നതായിരുന്നു രീതി. ഉന്നത ബന്ധങ്ങളുണ്ടെന്ന് അവകാശപ്പെടുന്നതിനാണ് ഈ ഫോട്ടോകള്‍ ഉപയോഗിച്ചത്.

പുരാവസ്തുക്കളായി മോശയുടെ വടി, യേശുവിനെ ഒറ്റിക്കൊടുത്ത 30 വെള്ളിക്കാശിൽ 2 എണ്ണം, രാജ സിംഹാസനം, രാജാക്കന്മാരുടെ വാളുകൾ,മോതിരങ്ങൾ തുടങ്ങി നിരവധി പുരാവസ്തുക്കൾ തന്റെ ശേഖരത്തിൽ ഉണ്ട് എന്നായിരുന്നു ഇയാൾ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. 

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു ശേഖരത്തിലിരിക്കുന്ന സിംഹാസനത്തിൽ ഇരിക്കുന്ന ലോക്നാഥ് ബെഹ്റ, തൊട്ടടുത്ത് രാജകീയ വാളുമായി നിൽക്കുന്ന എഡിജിപി മനോജ് എബ്രഹാം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടേയും ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.

സമ്പന്നനാണെന്ന് കാണിക്കാൻ വേണ്ടി കോടികൾ വിലമതിക്കുന്ന കാറുകളായിരുന്നു ഇയാൾ ഉപയോഗിച്ചിരുന്നത്. ആർക്കും ഒരു സംശയം തോന്നാത്ത രീതിയിലായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും തന്റെ കൂടെ ഉണ്ട് എന്ന് വിശ്വസിപ്പിച്ചു കൊണ്ടായിരുന്നു പണം കൈകക്കലാക്കാൻ ശ്രമിച്ചിരുന്നത്.

Related News