കനയ്യ പോകുമെന്ന് കരുതിയില്ല, രാഹുൽ നൽകിയത് വൻ ഓഫർ:മുഹമ്മദ് മൊഹ്സീൻ

  • 29/09/2021

പാലക്കാട്: കനയ്യകുമാറിന്റെ (kanhaiya Kumar) കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരണവുമായി സുഹൃത്ത് മുഹമ്മദ് മൊഹ്സീൻ (muhammed muhsin). കനയ്യക്ക് വൻ ഓഫറുകളാണ് രാഹുൽ ഗാന്ധി നൽകിയതെന്ന് പട്ടാമ്പി എംൽഎയും ജെഎൻയു (JNU) കാലത്ത് കനയ്യയുടെ കൂട്ടാളിയുമായിരുന്ന മൊഹ്സീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി പദമുൾപ്പെടെ രാഹുൽ കനയ്യക്ക് വാഗ്ദാനം ചെയ്തുവെന്നാണ് മൊഹ്സീൻ പറയുന്നത്. 

പത്തിലേറെ തവണ രാഹുൽ ക്യാമ്പ് കനയ്യയുമായി സംസാരിച്ചുവെന്നും എങ്കിലും അദ്ദേഹം പോകുമെന്ന് കരുതിയില്ലെന്നുമാണ് മൊഹ്സീൻ പറയുന്നത്. യുവാക്കൾ എന്ത് കൊണ്ട് പാർട്ടി വിട്ടുപോകുന്നുവെന്നതിനെ പറ്റി പാർട്ടി ആലോചിക്കണമെന്ന് മൊഹ്സീൻ ആവശ്യപ്പെട്ടു. ചിതറി നിൽക്കാതെ കമ്മ്യൂണിസ്റ്റ് ഏകീകരണത്തെ പറ്റി പാർട്ടി ആലോചിക്കണം. 

ഭഗത് സിംഗ് ദിനത്തിലാണ് സിപിഐ വിട്ട് കനയ്യകുമാർ കോൺഗ്രസിലേക്ക് ചേക്കേറിയത്. വ്യക്തികളുടേതല്ല ജനാധിപത്യ പാര്‍ട്ടിയായതിനാലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നാണ് കോൺഗ്രസ് പ്രവേശത്തെ പറ്റിയുള്ള കനയ്യ കുമാറിന്റെ പ്രതികരണം. രാഹുല്‍ഗാന്ധിക്കൊപ്പം ഷഹീദ് പാര്‍ക്കിലെ ഭഗത് സിംഗ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസിനൊപ്പമുള്ള യാത്ര തുടങ്ങിയത്. 

വാര്‍ത്താ സമ്മേളനത്തിൽ എവിടെയും സിപിഐയെ കടന്നാക്രമിക്കാതിരിക്കാന്‍ ശ്രദ്ധിച്ച കനയ്യ രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്നതിനാലാണ് പാര്‍ട്ടി മാറിയതെന്നാണ് ന്യായീകരിക്കുന്നത്. 

ഉത്തര്‍പ്രദേശിലുള്‍പ്പടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കനയ്യയയുടെയും മേവാനിയുടെയും സാന്നിധ്യം സഹായിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. യുവാക്കളെ കൂടുതല്‍ ആകര്‍ഷിച്ച്  പാര്‍ട്ടിയുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനാകുമെന്നാണ് പ്രതീക്ഷ. 

Related News