ഇതുപോലുള്ള കള്ളൻമാരെ എങ്ങനെ വിശ്വസിക്കാൻ തോന്നുന്നു: മേജർ രവി

  • 30/09/2021


മോൺസൻ മാവുങ്കലിന്റെ ബോഡിഗാർഡ് പ്രദീപിന് തങ്ങളുടെ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്ന് മേജർ രവി. കൃത്യവിലോപത്തിന്റെ പേരിൽ കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് പ്രദീപെന്നും കമ്പനിയുടെ പേര് ഇയാൾ നേരത്തേ ദുരുപയോഗം ചെയ്തതിന് നടപടി എടുത്തിട്ടുണെന്നും മേജർ രവി പറഞ്ഞു. 

മോൺസൺ മാവുങ്കലിനെക്കുറിച്ച് താൻ കേൾക്കുന്നത് പോലും അറസ്റ്റിന് ശേഷമാണെന്നും മേജർ രവി കൂട്ടിച്ചേർത്തു.

മോൺസൺ പറയുന്നത് കേട്ട് വിശ്വസിച്ചവർക്ക് അൽപ്പമെങ്കിലും ബുദ്ധിയില്ലേ? ടിപ്പുവിന്റെ സിംഹാസനവും യേശു മരിച്ച് വീണിടത്തെ മണ്ണ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ സാമാന്യബുദ്ധിവച്ച് ചിന്തിച്ചുകൂടെ? മോൺസൻ താമസിച്ചിരുന്ന വീടുപോലും വാടകയ്ക്ക് എടുത്തതാണെന്ന് പറയുന്നു. ആരെങ്കിലും ഇതൊക്കെ അന്വേഷിച്ചുവോ? നമ്മൾ ബുദ്ധിയും വിവരമുള്ളവരാണെന്ന് നടിക്കും. അതേ സമയം തന്നെ പണത്തിന്റെ ഹുങ്ക് കാണിക്കുന്നവരുടെ അടുത്ത് പോയി വീഴുകയും അവർ പറയുന്നതെല്ലാം വിശ്വസിക്കുകയും ചെയ്യും, ഇതെന്ത് വിരോധാഭാസമാണ്.

മോൺസൺ പ്രശസ്തരുടെ കൂടെ ചിത്രമെടുക്കുന്നത് അത് വച്ച് തട്ടിപ്പു നടത്താനാണ്. എം.ജി ശ്രീകുമാർ എന്റെ നല്ല സുഹൃത്താണ്. പക്ഷേ മോൺസൺ അദ്ദേഹത്തിന് നൽകിയ മോതിരം എന്തിന് ധരിച്ചുവെന്ന് ചോദിച്ചാൽ എനിക്കറിയില്ല (മോൺസൻ നൽകിയ മോതിരം ധരിച്ച് എം.ജി ശ്രീകുമാർ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും അദ്ദേഹം മോൺസനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു). എം.ജി ശ്രീകുമാറിനെ ഞാൻ വിളിച്ചിരുന്നു. പക്ഷേ ഇതുവരെ ലൈനിൽ കിട്ടിയില്ല. ഇതുപോലുള്ള കള്ളൻമാരെ എങ്ങിനെയാണ് വിശ്വസിക്കാൻ തോന്നുന്നത്- മേജർ രവി പറഞ്ഞു.

Related News