നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് തുടങ്ങും: നിയമനിർമാണ ചർച്ചകൾ മാത്രമെന്ന് സ്പീക്കർ

  • 30/09/2021


തിരുവനന്തപുരം: അടുത്ത നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് തുടങ്ങുമെന്ന് കേരള നിയമസഭാ സ്പീക്കർ എംബി രാജേഷ്. മൂന്നാം സമ്മേളനം പൂർണ്ണമായും നിയമനിർമ്മാണത്തിന് മാത്രമായാണെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ 12 വരെയാണ് സമ്മേളന കാലാവധി.

ഈ സമ്മേളനകാലത്തെ 19 ദിവസം നിയമനിർമ്മാണ ചർച്ചകൾക്ക് മാത്രമാണ്. വിവിധ സർവകലാശാല ഭേദഗതികൾ, ആരോഗ്യം, ചെറുകിട വ്യവസായം, കള്ള്ചെത്ത് തുടങ്ങിയ നിരവധി ബില്ലുകളും ഈ സമ്മേളന കാലത്ത് പരിഗണിക്കും. 45 ഓർഡിനൻസുകൾ നിലവിലുണ്ടെന്നും അവയെല്ലാം ബില്ലുകളായി മാറുമെന്നും സ്പീക്കർ അറിയിച്ചു. കൊവിഡ് സാഹചര്യത്തിൽ നിയമസഭ ചേരാൻ കഴിയാതെ വന്നപ്പോഴാണ് ഓർഡിനൻസ് ഇറക്കേണ്ടി വന്നത്. കഴിയുന്നതും സഭയിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ആ സമ്മേളനത്തിൽ തന്നെ മറുപടി നൽകണമെന്ന നിലപാടിലാണ് സ്പീക്കർ.

നിയമസഭയെ കടലാസ് രഹിതമാക്കാനുള്ള ഇ-നിയമസഭ പദ്ധതി പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണെന്ന് സ്പീക്കർ പറഞ്ഞു. നവംബർ ഒന്നിന് കേരള പിറവിയോടനുബന്ധിച്ച് എല്ലാ സഭാ നടപടികളും കടലാസ് രഹിതമാക്കാൻ തുടക്കം കുറിക്കും. മൂന്നാം സമ്മേളന കാലത്ത് നിയന്ത്രിതമായ നിലയിൽ സന്ദർശകരെ സഭയിൽ പ്രവേശിപ്പിക്കും. ഇതിന് പുറമെ നിയമസഭയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വിപുലമായി ആ ഘോഷിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.

Related News