സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

  • 02/10/2021



സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടുണ്ട്. തിങ്കളും ചൊവ്വയും എട്ട് ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി.

ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിനടുത്ത് രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യതയുണ്ട്. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.കേരള- കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

അതേസമയംഅറബിക്കടലിൽ പ്രവേശിച്ച ‘ഷഹീൻ’ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിൽ മാക്രാൻ തീരത്ത് എത്തുമെന്നും തിങ്കളാഴ്ച പുലർച്ചയോടെ ഒമാൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related News