പഞ്ചഗുസ്തി ചാമ്പ്യൻ; കൊല്ലാൻ പരിശീലനം; നിതിനയുടെ വോക്കൽ കോഡ് അറ്റുപോയി

  • 03/10/2021

കോട്ടയം: പാലാ സെന്റ് തോമസ് കോളജ് ക്യാംപസിലെ നിതിനയുടെ വധം ആസൂത്രിതമെന്ന് പൊലീസ്. ഒരാഴ്ച മുൻപ് ബ്ലേഡ് വാങ്ങി സഹപാഠി അഭിഷേക് പരിശീലനം നടത്തിതായാണ് വിവരം. നിതിനയെ കൊലപ്പെടുത്തുമെന്ന് സുഹൃത്തിന് സന്ദേശമയച്ച പ്രതി നിതിനയുടെ അമ്മയെ ഭീഷണിപ്പെടുത്തിയെന്നും വ്യക്തമായി. 

അതിദാരുണമായ കൊലപാതകത്തിന് പ്രതി അഭിഷേക് ബൈജു നടത്തിയത് ദിവസങ്ങൾ നീണ്ട ആസൂത്രണമാണ്. കൈവശമുണ്ടായിരുന്ന പേപ്പർ കട്ടർ ആയുധമായി തിരഞ്ഞെടുത്ത പ്രതി ഒരാഴ്ച മുന്നേ ആസൂത്രണം തുടങ്ങി. കട്ടറിലെ തുരുമ്പെടുത്ത ബ്ലേഡിന് പകരം പുതിയത് വാങ്ങി. നിതിന പ്രണയാഭ്യർഥന നിരസിച്ചതിന് പുറമെ സംശയവും രൂക്ഷമായതോടെയാണ് കൊടുംകൃത്യത്തിന് തീരുമാനിച്ചത്.

നിതിനയെ ആക്രമിച്ച രീതിയാണ് കൊലപാതകത്തിന് പ്രതി പരിശീലനം നടത്തിയെന്ന പൊലീസിന്റെ സംശയം ബലപ്പെടുത്തുന്നത്. ആദ്യത്തെ കുത്തിൽതന്നെ നിതിനയുടെ വോക്കൽ കോഡ് അറ്റുപോയി. തെളിവെടുപ്പിനായി കോളജിലെത്തിച്ചപ്പോള്‍ കൊലപാതകം നടത്തിയ രീതി അഭിഷേക് ഭാവവ്യത്യാസമില്ലാതെ വ്യക്തമാക്കി. പഞ്ചഗുസ്തി ചാംപ്യനായ പ്രതിക്ക് എളുപ്പത്തില്‍ കൃത്യം ചെയ്യാനായെന്നും പൊലീസ് പറ‍ഞ്ഞു.

കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ബ്ലേഡ് വാങ്ങിയ കൂത്താട്ടുകുളത്തെ കടയിലും പ്രതിയെ എത്തിച്ച് തെളിവെടുക്കും. നിതിനയുടെ അമ്മയെയും പ്രതി നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രതിക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ വിശദ പരിശോധനയ്ക്ക് വിധേയമാക്കും.

Related News