വന്യമൃഗങ്ങളുടെ ആക്രമണം: ഇരകളെ സഹായിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്ന് നിയമസഭയില്‍ പ്രതിപക്ഷം

  • 07/10/2021



തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യജീവന്‍ പൊലിയുന്നത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെയും കുടുംബാംഗങ്ങളെ സഹായിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം മാതൃകയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം. ഇതുവരെ കാട്ടാനയുടെ ആക്രമണത്തില്‍ മാത്രം 125 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് പ്രത്യേക യോഗം വിളിക്കണമെന്നും പ്രശ്നം പരിഹരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവതരമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ സഭയില്‍ വ്യക്തമാക്കി. വന്യജീവി സംരക്ഷണമാണ് വനം വകുപ്പിന്‍റെ പ്രധാന കടമ. ഇത്തരമൊരു സംഘര്‍ഷത്തിന് ഇതുവരെ വകുപ്പ് പ്രാധാന്യം നല്‍കിയിരുന്നില്ല. ആവശ്യമായ നടപടികള്‍ നിലവില്‍ തുടങ്ങിയിട്ടുണ്ട്. സോളാര്‍ വേലിയും കിടങ്ങും നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണ്.

ഫണ്ടിന്‍റെ പരിമിതിയുള്ളതിനാല്‍ നഷ്ടപരിഹാരം എങ്ങനെ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കണം. ആകെ ഫണ്ട് 22 കോടിയാണുള്ളത്. ഇതില്‍ നിന്നാണ് ഒരു ശതമാനം കൊടുക്കേണ്ടത്. വിഷയത്തില്‍ ഇടപെടാന്‍ വനം വകുപ്പിന് പരിമിതിയുണ്ടെന്നും അത് പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും വനം മന്ത്രി വ്യക്തമാക്കി

Related News