സംസ്ഥാനത്തെ ആദ്യ വിമാനത്താവള നടത്തിപ്പ് ഇനി മുതല്‍ അദാനി ഗ്രൂപ്പിന്: വ്യാഴാഴ്ച ഏറ്റെടുക്കും

  • 09/10/2021



തിരുവനന്തപുരം : രാജ്യത്തെ അഞ്ചാമത്തെയും കേരളത്തിലെ ആദ്യത്തേതുമായ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നാണ് അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് നടത്തിപ്പ് ഏറ്റെടുക്കുന്നത്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കേസ് സുപ്രീം കോടതിയില്‍ നില്‍ക്കുന്നതിനാല്‍ കൈമാറ്റത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആക്‌ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

വ്യാഴാഴ്ച മുതല്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഇനി അദാനി ഗ്രൂപ്പിനാണ്. വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. സുരക്ഷാ ചുമതലയും കസ്റ്റംസും എയര്‍ട്രാഫിക് കണ്‍ട്രോളും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് തന്നെയാണ്. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച്‌ അദാനി ഗ്രൂപ്പ് യാത്രക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തി. ഡ്യൂട്ടി ഫ്രീ ഷോപ്പ് രാജ്യാന്തര കമ്ബനിയായ ഫ്ലെമിങ്ങോയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീം കോടതിയില്‍ നിലനില്‍ക്കെയാണ് വിമാനത്താവളം അദാനിക്ക് കൈമാറുന്നത്. ആറുമാസത്തേക്ക് നിലവിലെ താരിഫ് തുടരും. 50 വര്‍ഷത്തേക്കാണ് അദാനി വിമാനത്താവളം ഏറ്റെടുക്കുന്നത്. എന്നാല്‍, സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതില്‍ അദാനി ഗ്രൂപ്പിനും ആശങ്കയുണ്ട്. കേസില്‍ അന്തിമ തീരുമാനമാകാതെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്കിയേക്കില്ല. വിമാനത്താവളത്തിനായി പുതിയ ഭൂമി ഏറ്റെടുക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്‍റെ സഹായം വേണമെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.

Related News