കൽക്കരി ക്ഷാമം; കേരളത്തിലും പവർക്കട്ടെന്ന് വൈദ്യുതിമന്ത്രി, പ്രതിസന്ധി നീളും

  • 10/10/2021


പാലക്കാട്‌: രാജ്യം നേരിടുന്ന ഗുരുതരമായ കല്‍ക്കരിക്ഷാമം കേരളത്തേയും ബാധിക്കുന്നു. ഊർജപ്രതിസന്ധി സംസ്ഥാനത്തെ ബാധിച്ചുകഴിഞ്ഞതായും ഇതിനെ നേരിടാൻ സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ ആയിരം മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. കൂടംകുളത്ത് നിന്ന് 30 ശതമാനം മാത്രമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. കല്‍ക്കരി ക്ഷാമം ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് പവര്‍കട്ടിലേക്ക് പോകേണ്ടിവരുമെന്ന് പറയുന്നത്. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെ.എസ്.ഇ.ബി കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ജനങ്ങള്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ട്-മന്ത്രി പറഞ്ഞു.

രാജ്യത്ത് കല്‍ക്കരിയുടെ ലഭ്യതയില്‍ വലിയതോതിലുള്ള ഇടിവ് നേരിട്ടതിനാല്‍ കേരളത്തിന് പുറത്തുനിന്നും  ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ വ്യാഴാഴ്ച വരെ ഏകദേശം 220 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഉണ്ടാകും. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമം നടത്തുന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നതെങ്കിലും കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുകയും പ്രതിസന്ധി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ പറഞ്ഞു.

Related News