കോഴിക്കോട് കെഎസ്ആർടിസി ടെർമിനൽ ക്രമക്കേട്: സർക്കാരിനെതിരെ സമ്മർദ്ദം ശക്തമാക്കി കോൺഗ്രസും ബിജെപിയും

  • 11/10/2021


കോഴിക്കോട്: കെഎസ്ആർടിസി ടെർമിനൽ ക്രമക്കേടിൽ സർക്കാരിനെതിരെ സമ്മർദ്ദം ശക്തമാക്കി കോൺഗ്രസും ബിജെപിയും. ക്രമക്കേടില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കെഎസ്ആർടിസി കോംപ്ളക്സിലേക്ക് ഇന്ന് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കെട്ടിടത്തിന്‍റെ നടത്തിപ്പ് ചുമതല സ്വകാര്യ കമ്പനിക്ക് നല്‍കിയതിലെ ക്രമക്കേടിന്‍റെ കൂടുതല്‍ വിവരങ്ങളും പുറത്ത് വന്നു.

75 കോടി രൂപ ചെലവില്‍ നിര്‍മിച്ച കെഎസ്ആര്‍ടിസി കോംപ്ളക്സ് പ്രവര്‍ത്തനം തുടങ്ങി ഉടന്‍ തന്നെ ദുര്‍ബലമായെന്ന കണ്ടെത്തലിന് പിന്നാലെ നടത്തിപ്പ് കരാര്‍ നല്‍കിയതിലെ ക്രമക്കേടിന്‍റെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. 2018 ലാണ് കോഴിക്കോട്ടെ ആലിഫ് ബിൽഡേഴ്സിന് കെട്ടിടത്തിന്‍റെ നടത്തിപ്പ് ചുമതല കിട്ടുന്നത്. 

എന്നാല്‍ മുൻകൂറായി ഒടുക്കേണ്ട മുഴുവന്‍ തുകയും നൽകിയില്ലെന്നും ടെൻഡർ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കാട്ടി ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതി ലാൽ ടെൻഡർ റദ്ദാക്കണമെന്നും ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശിച്ച് 2020 ജനുവരി 30ന് കെഡിഡിഎഫ്സിക്ക് പ്രിൻസിപ്പൽ സെക്രട്ടറി കത്ത് നല്‍കി. 

ആദ്യ ഗഡുവായി ആലിഫ് ബിൽഡേഴ്സ് കെട്ടിവച്ച തുക തിരികേ നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. കരാർ റദ്ദാക്കരുതെന്ന്കാണിച്ച് അലിഫും സർക്കാരിനെ സമീപിച്ചു.  തുടര്‍ന്ന് കഴിഞ്ഞ സർക്കാരിന്റെ അവസാന ക്യാബിനറ്റ് യോഗത്തിലാണ് അലിഫിന് പാട്ടക്കരാർ അനുമതി നൽകുകയായിരുന്നു. ഇതിൽ ഒത്തുകളി നടന്നെന്നാണ് ആരോപണം. അതിനിടെ, ക്രമക്കേടില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുവമോര്‍ച്ച കോഴിക്കോട്ട് കെഎസ്ആര്‍ടിസി കോംപ്ളക്സിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരപങ്കി പ്രവയോഗിച്ചു.

Related News