കേരളത്തിൽ മൂന്നു ദിവസത്തിനിടെ കൊറോണ ബാധിച്ചവരില്‍ 57 ശതമാനം പേരും വാക്സിൻ സ്വീകരിച്ചവർ: ആശങ്കയിൽ വിദഗ്ധർ

  • 12/10/2021


തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീന്‍ സ്വീകരിച്ചവരില്‍ കൊറോണ ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു. മൂന്നു ദിവസത്തിനിടെ കൊറോണ ബാധിച്ചവരില്‍ 57 ശതമാനം പേരും വാക്സിൻ സ്വീകരിച്ചവരാണ്. കുത്തിവയ്പെടുത്ത് മാസങ്ങള്‍ കഴിയുമ്പോള്‍ ഫലം കുറയുന്നുണ്ടോ എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് ആരോഗ്യവിദഗ്ധര്‍. 

കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച വാക്സീന്‍ അവലോകന റിപ്പോർട്ട് പ്രകാരം, തിങ്കളാഴ്ച്ച കൊറോണ ബാധിച്ച 6996ല്‍ 3841 പേരും വാക്സീന്‍ എടുത്തിരുന്നു. 2083 പേരും രണ്ടു ഡോസും എടുത്തവരാണ്. ഞായറാഴ്ച 10,691 രോഗബാധിതരില്‍ 6303 പേരും കുത്തിവയ്പ് എടുത്തിരുന്നു. ശനിയാഴ്ചത്തെ 9470 കൊറോണ പോസിറ്റീവ് കേസുകളില്‍ 5364 പേരും വാക്സീന്‍ ലഭിച്ചവരാണ്. 

വാക്സിനേഷന്റെ തോത് 93 ശതമാനം കടന്നിട്ടും പതിനായിരത്തോളം പ്രതിദിന രോഗബാധിതരുണ്ട്. ആദ്യ മാസങ്ങളില്‍ കുത്തിവയ്പ് സ്വീകരിച്ചവരില്‍ ഫലം കുറയുന്നുണ്ടോ എന്ന ആശങ്കയാണുയരുന്നത്.

വാക്സീന്‍ എടുത്ത ആത്മവിശ്വാസത്തില്‍ കൊറോണ പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതും രോഗബാധയ്ക്ക് കാരണമാകുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം വാക്സീനെടുത്തവരില്‍ രോഗം ഗുരുതരമാകുന്നത് കാര്യമായി കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ പ്രതിദിന മരണസംഖ്യയും കുറയുന്നുണ്ട്.

Related News