അലി അക്ബർ ബിജെപിയിലെ സ്ഥാനങ്ങൾ രാജിവച്ചു; ‘പക്ഷങ്ങളില്ലാതെ മുന്നോട്ടുപോകും'

  • 12/10/2021

തിരുവനന്തപുരം∙ ബിജെപിയിലെ എല്ലാ സ്ഥാനങ്ങളും ഒഴിയുന്നതായി അലി അക്ബർ. പുനഃസംഘടനയിലെ അതൃപ്തിയാണു രാജിക്കു കാരണം. ഫെയ്സ്ബുക്കിലൂടെയാണ് അലി അക്ബർ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ ഉത്തരവാദിത്വങ്ങളും ഒഴിഞ്ഞെന്നും പക്ഷങ്ങളില്ലാതെ മുൻപോട്ടു പോവാൻ തീരുമാനിച്ചുവെന്നും അദ്ദേഹം കുറിച്ചു. അദ്ദേഹത്തിന്റെ രാജിക്കു പിന്നാലെ നിരവധി പ്രതികരണങ്ങൾ വന്നതോടെ താൻ ആരോടും ഇടഞ്ഞിട്ടില്ലെന്നു വ്യക്തമാക്കി മറ്റൊരു കുറിപ്പു കൂടി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

അലി അക്ബറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഒരു മുസൽമാൻ ഭാരതീയ ജനതാപാർട്ടിയിൽ നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന തെറിവിളികൾ, സ്വകുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങൾക്കു മനസ്സിലായി എന്നു വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം, അധികാരവും ആളനക്കവുമുള്ളപ്പോൾ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാൻ പറയുന്നത്, വർഷങ്ങൾക്കു മുൻപേ സംഘിപ്പട്ടം കിട്ടിയ മുസ്‍ലിങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തിൽ ഓടി നടന്നു പ്രവർത്തിക്കുന്നതും കണ്ടു, ഒരുപാട് പേരെ എനിക്കറിയാം.

മുൻപ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധർമത്തെ അറിഞ്ഞു പുൽകിയവർ... രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവർ... അത്തരത്തിൽ ചിലരെ വേട്ടയാടുന്നത് കണ്ടു... വേദനയുണ്ട്. ഒരുവനു നൊന്താൽ അതു പറയണം, പ്രതിഫലിപ്പിക്കണം, അതു സമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാൻ യന്ത്രമല്ല... അതിനെ അത്തരത്തിൽ കാണാതെ അംശവടികൊണ്ടു തടവലല്ല പരിഹാരം. കാണുന്ന കാഴ്ചയും, കേൾക്കുന്ന കേൾവിയും ഒരു മനുഷ്യനിൽ ചലനം സൃഷ്ടിക്കും. അതുകൊണ്ടാണല്ലോ അർജുനൻ അധർമികളായ ബന്ധു ജനങ്ങൾക്കിടയിൽ വില്ലുപേക്ഷിക്കാൻ തയാറായപ്പോൾ ഭാഗവാന് ഉപദേശം നൽകേണ്ടിവന്നത്.. കൃഷ്ണൻ അർജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്..

മഹാഭാരത കഥ ഓർമ്മിപ്പിച്ചു എന്നേയുള്ളു...കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാൻ, ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങൾ.. അതു കുറിക്കാൻ വിരൽ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധർമവാദികളെ ഒന്നും ബാധിക്കയില്ല അത് ധർമത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും, ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീർക്കുന്നു.

എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുൻപോട്ടു പോവാൻ തീരുമാനിച്ചു...

എന്ത് കർത്തവ്യമാണോ ഭഗവാൻ എന്നിലർപ്പിച്ചത് അതു യജ്ഞ ഭാവത്തോടെ ചെയ്യാൻ ഭഗവാൻ സഹായിക്കട്ടെ.

Related News