കുവൈറ്റ് സിറ്റി: പുതിയ ബിസിനസ്സ് പദ്ധതിയുടെ പേരിൽ കുവൈറ്റ് പൗരനിൽ നിന്ന് ഏകദേശം 7,500 കുവൈറ്റി ദിനാർ തട്ടിയെടുത്ത ഇറാനിയൻ പ്രവാസിക്കെതിരെ ക്യാപിറ്റൽ ഗവർണറേറ്റിലെ ശർഖ് പോലീസ് സ്റ്റേഷനിൽ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. സംഭവത്തെക്കുറിച്ച് സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ക്യാപിറ്റൽ ഗവർണറേറ്റിൽ സംയുക്തമായി ഒരു പദ്ധതി നടപ്പിലാക്കുന്നതിനായി കുവൈറ്റ് പൗരനും ഇറാനിയൻ പൗരനും തമ്മിൽ കരാർ ഉണ്ടാകുകയായിരുന്നു. പ്രോജക്റ്റിന്റെ പ്രാരംഭ ഘട്ടത്തിലെ മുൻകൂർ പണമായി കുവൈറ്റ് പൗരൻ ഏകദേശം 7,500 ദീനാർ ഈ ഇറാനിയൻ പൗരന് കൈമാറി. പണത്തിന്റെ ബാക്കി തുക നിർമ്മാണ പുരോഗതിക്ക് അനുസരിച്ച് നൽകാനായിരുന്നു ധാരണ.
എന്നാൽ തുക കൈപ്പറ്റിയ ഉടൻ തന്നെ പ്രതി ഒളിവിൽ പോവുകയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്യുകയായിരുന്നു. പൗരന് പ്രതിയുമായി പിന്നീട് ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് വിഷയം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താനും സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാനുമുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.



