കുവൈത്ത്സിറ്റി:മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമായ വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച യു.ഡി.എഫ് സർക്കാരിന്റെ ആദ്യ പുതുക്കിയ ബജറ്റ് പ്രവാസി സമൂഹത്തിന് ഏറെ പ്രതീക്ഷയും ആശ്വാസവും നൽകുന്നതാണെന്ന് ഒ.ഐ.സി.സി കുവൈറ്റ് കമ്മിറ്റി പ്രസ്താവിച്ചു. പ്രവാസികളുടെ ദീർഘകാല ആവശ്യങ്ങളോട് അനുഭാവപൂർവ്വം പ്രതികരിക്കുകയും, സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നതാണ് ഈ ബജറ്റെന്ന് ഒ.ഐ.സി.സി ഭാരവാഹികൾ വിലയിരുത്തി.
അന്താരാഷ്ട്ര തൊഴിൽ വിപണിയിലെ മാറ്റങ്ങളും പുതിയ തൊഴിൽ അവസരങ്ങളും പ്രവാസികൾക്കും വിദേശ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കും വേഗത്തിൽ ലഭ്യമാക്കാൻ ബജറ്റിൽ പ്രഖ്യാപിച്ച ഗ്ലോബൽ ജോബ് വാച്ച് ടവർ (Global Job Watch Tower) വലിയ സഹായമാകും. പ്രവാസികളുടെ ഏറ്റവും വലിയ പ്രതിസന്ധിയായ വിമാന നിരക്കുകളിലെ കൊള്ളയും യാത്രാക്ലേശവും പരിഹരിക്കുന്നതിനായി ഏവിയേഷൻ ഹബ് (Aviation Hub) പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തിയത് പ്രവാസി സമൂഹത്തോടുള്ള സർക്കാരിന്റെ കരുതലിന്റെ തെളിവാണ്.> പ്രവാസി നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വം> പ്രവാസികളുടെ സമ്പാദ്യം നാട്ടിൽ സുരക്ഷിതമായി നിക്ഷേപിക്കുന്നതിനായി പ്രഖ്യാപിച്ച ഇൻവെസ്റ്റ് കേരള സെൽ (Invest Kerala Cell), സിംഗിൾ വിൻഡോ ക്ലിയറൻസ് എന്നിവ പ്രവാസി സംരംഭകർക്ക് പുതിയ വാതിലുകൾ തുറക്കും. കൂടാതെ, ഉയർന്ന വിദ്യാഭ്യാസത്തിനായി പ്രവാസികളുടെ മക്കൾക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരാത്ത രീതിയിൽ കേരളത്തെ മാറ്റിയെടുക്കാൻ ലക്ഷ്യമിടുന്ന കേരള നോളഡ്ജ് വാലി പദ്ധതിയും സ്വാഗതാർഹമാണ്.
നാട്ടിലെ കർഷക കുടുംബങ്ങൾക്ക് താങ്ങായി റബ്ബർ തറവില 250 രൂപയായി ഉയർത്തിയത് പ്രവാസി കുടുംബങ്ങൾക്കും വലിയ ആശ്വാസം പകരുന്ന തീരുമാനമാണ്. വർഷങ്ങളായി പ്രവാസി സമൂഹം ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് കൃത്യമായ ദിശാബോധം നൽകിയ ഈ ബജറ്റിലൂടെ, പുനരധിവാസത്തിനും തൊഴിൽ സുരക്ഷയ്ക്കും പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ പുതിയ സർക്കാരിന് സാധിക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്നും ഒ.ഐ.സി.സി കുവൈറ്റ് ആക്ടിംഗ് പ്രസിഡൻറ് ബി. എസ് പിള്ളയും ജനറൽ സെക്രട്ടറി എം. എ നിസാമും വാർത്താക്കുറിപ്പിൽ അറിയിച്ചു.

