ടെഹ്‌റാന്‍: ഗൾഫ് മേഖലയിൽ യുഎസ് സൈന്യത്തിന് ആതിഥേയത്വം വഹിക്കുന്ന അറബ് രാജ്യങ്ങളിലെ താവളങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നതിനായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഇറാഖിൽ രഹസ്യ സായുധ സംഘങ്ങളെ രൂപീകരിച്ചതായി റിപ്പോർട്ട്. എട്ട് ഇറാഖി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
പുതുതായി രൂപീകരിക്കപ്പെട്ട ഈ രഹസ്യ ഗ്രൂപ്പുകൾ ഏപ്രിൽ 20-നും മെയ് 17-നും ഇടയിൽ കുവൈറ്റ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ കുറഞ്ഞത് ഏഴ് ഡ്രോൺ ആക്രമണങ്ങളെങ്കിലും നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇറാഖിലെ ബസ്ര, സമവ എന്നീ പ്രദേശങ്ങൾക്ക് സമീപമുള്ള മരുഭൂമിയിൽ നിന്നാണ് ഈ ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് മൂന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.യു.എസ് സൈനികർ താവളമടിച്ചിരിക്കുന്ന കുവൈറ്റിലെ അലി അൽ സലേം എയർ ബേസ്, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൈനിക ടെർമിനൽ എന്നിവയുൾപ്പെടെ മൂന്ന് ലക്ഷ്യങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം നടന്നു.
മേഖലയിലെ മറ്റ് സഖ്യകക്ഷികൾ വലിയ സമ്മർദ്ദം നേരിടുകയും ഇറാൻ സ്വന്തം നിലയിൽ സാമ്പത്തിക-സൈനിക പരിമിതികളിലൂടെ കടന്നുപോവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ്, തങ്ങളുടെ ആക്രമണ ശേഷി നിലനിർത്താൻ ഇറാൻ ഇത്തരം ചെറിയ യൂണിറ്റുകളെ നിയോഗിക്കുന്നതെന്നാണ് വിലയിരുത്തൽ. ഐ.ആർ.ജി.സി രൂപീകരിച്ച ഈ പുതിയ ഗ്രൂപ്പുകൾ വളരെ ചെറുതാണെങ്കിലും, കടുത്ത പ്രത്യയശാസ്ത്രപരമായ അടിത്തറയുള്ളവരും പൂർണ്ണമായും ഇറാന്റെ കർശനമായ നിയന്ത്രണത്തിലുള്ളവരുമാണെന്ന് വിരമിച്ച ഇറാഖി ആർമി ജനറൽ ജാസിം അൽ-ബഹാദ്ലി റോയിട്ടേഴ്സിനോട് പറഞ്ഞു. അതേസമയം, ഈ റിപ്പോർട്ടുകൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റോയിട്ടേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്.

