കുവൈറ്റ് സിറ്റി: ചൈനയുമായുള്ള പ്രതിരോധ-സൈനിക ബന്ധം ശക്തിപ്പെടുത്തുന്നതിൽ കുവൈറ്റ് പൂർണ്ണ പ്രതിബദ്ധത പുലർത്തുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. അബ്ദുള്ള മിഷാൽ അൽ-സബാഹ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തെ പ്രശംസിച്ച അദ്ദേഹം, മേഖലയിലെ സുരക്ഷയും സ്ഥിരതയും സമൃദ്ധിയും ഉറപ്പുവരുത്തുന്ന രീതിയിൽ ഈ ബന്ധം കൂടുതൽ വളർത്തിയെടുക്കാനാണ് കുവൈറ്റ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കു.
ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 99-ാം രൂപീകരണ വാർഷികത്തോടനുബന്ധിച്ച് കുവൈറ്റിലെ ചൈനീസ് എംബസി സംഘടിപ്പിച്ച ആഘോഷച്ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അറിയിച്ച അദ്ദേഹം ചൈനീസ് അംബാസഡർ, മിലിട്ടറി അറ്റാഷെ, എംബസി അംഗങ്ങൾ, ചൈനീസ് ഭരണകൂടം, ജനങ്ങൾ എന്നിവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.
പരസ്പര ബഹുമാനത്തിലും നിർമ്മാണാത്മകമായ ചർച്ചകളിലും അധിഷ്ഠിതമായ സുദൃഢമായ സൗഹൃദമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. പ്രതിരോധ, സുരക്ഷാ മേഖലകളിൽ ഈ പങ്കാളിത്തം കൂടുതൽ വിപുലീകരിക്കാനും, അതുവഴി പ്രാദേശിക തലത്തിൽ സമാധാനവും സ്ഥിരതയും സമൃദ്ധിയും ഉറപ്പുവരുത്താനും കുവൈറ്റ് ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വരും നാളുകളിൽ ഈ സുപ്രധാന ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാനാണ് കുവൈറ്റ് ലക്ഷ്യമിടുന്നതെന്നും ചൈനയുടെ ഭാവി പുരോഗതിക്കായി ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.



