കുവൈറ്റ് സിറ്റി: കുവൈറ്റിൽ ബംഗ്ലാദേശ് സ്വദേശിയായ പ്രവാസിയുടെ മരണത്തിൽ കൊലപാതക സാധ്യതയുണ്ടെന്ന സംശയത്തെ തുടർന്ന് സുരക്ഷാ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു. ആത്മഹത്യയെന്ന പ്രാഥമിക നിഗമനങ്ങളോടെയാണ് റിപ്പോർട്ട് പുറത്തുവന്നതെങ്കിലും സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളാണ് മരണത്തിൽ ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന സംശയത്തിലേക്ക് വഴിമാറ്റിയത്.
കുവൈറ്റിലെ സബാഹ് അൽ-സാലം മേഖലയിൽ പ്രവാസി ആത്മഹത്യ ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് വിഭാഗത്തിന് സന്ദേശം ലഭിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ സബാഹ് അൽ-സാലം പോലീസ് സ്റ്റേഷൻ മേധാവി ക്യാപ്റ്റൻ സാലിഹ് അൽ-റബാഹിന്റെ നേതൃത്വത്തിലുള്ള പോലീസ് പട്രോളിംഗ് സംഘം, മെഡിക്കൽ അടിയന്തര വിഭാഗം, ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്മെന്റിലെ വിദഗ്ദ്ധർ എന്നിവർ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി.
തുടർന്ന് ഫോറൻസിക് ഇൻവെസ്റ്റിഗേറ്റർമാർ സംഭവസ്ഥലത്ത് നടത്തിയ വിശദമായ പരിശോധനയിലാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചത്. മരിച്ചയാളുടെ കഴുത്തിന് ചുറ്റും ശക്തമായി അടിയേറ്റതുപോലെയുള്ള പാടുകളും മാന്തിയ അടയാളങ്ങളും കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഇതൊരു ആസൂത്രിത കൊലപാതകമാകാനുള്ള സാധ്യതയിലേക്ക് അന്വേഷണസംഘം വിരൽചൂണ്ടിയത്.
മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി മൃതദേഹം കൂടുതൽ ബാഹ്യപരിശോധനകൾക്കും പോസ്റ്റുമോർട്ടത്തിനുമായി ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റി. സംഭവത്തിന്റെ യഥാർത്ഥ സാഹചര്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും ഇതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കുറ്റം നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനുമുള്ള ഊർജ്ജിതമായ അന്വേഷണം തുടരുകയാണെന്ന് സുരക്ഷാ അധികൃതർ വ്യക്തമാക്കി.



