ന്യൂഡൽഹി: ആഗോളതലത്തിൽ പടരുന്ന എബോള പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ ആരോഗ്യ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രികർക്കായി കേന്ദ്ര സർക്കാർ ‘എയർ സുവിധ 2.0’ സെൽഫ് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി. സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും ചേർന്നാണ് വിമാനത്താവളങ്ങളിലെ യാത്രാനടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിനും നിരീക്ഷണം ശക്തമാക്കുന്നതിനുമായി പരിഷ്കരിച്ച ഈ കോൺടാക്റ്റ്‌ലെസ് ഡിജിറ്റൽ സംവിധാനം സജ്ജമാക്കിയത്.
ഇന്ത്യയിലേക്ക് എത്തുന്നതിന് 24 മണിക്കൂർ മുൻപ് തന്നെ യാത്രികർ ഈ ഓൺലൈൻ ഫോം പൂരിപ്പിക്കേണ്ടതുണ്ട്. ഫ്ലൈറ്റ് കയറുന്നതിന് മുൻപുള്ള വെബ് ചെക്ക്-ഇൻ സമയത്ത് തന്നെ ഇത് പൂർത്തിയാക്കുന്നതാണ് അഭികാമ്യം. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ എത്തിക്കഴിഞ്ഞാൽ ഇമിഗ്രേഷൻ കൗണ്ടറിലോ ഇന്റർനാഷണൽ ട്രാവൽ ഹെൽത്ത് ഡെസ്കിലോ ഈ ഫോമിന്റെ ഡൗൺലോഡ് ചെയ്ത കോപ്പി കാണിക്കേണ്ടതുണ്ട്. യാത്രികരുടെ കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രം, രോഗബാധിതരുമായി സമ്പർക്കമുണ്ടായിട്ടുണ്ടോ എന്ന വിവരം, എബോള ലക്ഷണങ്ങൾ എന്നിവയാണ് ഈ പോർട്ടലിലൂടെ ശേഖരിക്കുന്നത്. ഈ വിവരങ്ങൾ തത്സമയം തന്നെ എയർപോർട്ട് ഹെൽത്ത് ഓഫീസർമാർ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം, അതത് സംസ്ഥാനങ്ങളിലെ നിരീക്ഷണ സമിതികൾ എന്നിവർക്ക് കൈമാറും. ഇത് വഴി പ്രത്യേക വൈദ്യസഹായം ആവശ്യമുള്ളവരെ വേഗത്തിൽ കണ്ടെത്താനാകും.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ പടർന്നുപിടിക്കുന്ന എബോള/ബുന്ദിബുഗ്യോ വൈറസ് രോഗബാധയെ ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ ഈ അടിയന്തിര മുൻകരുതൽ നടപടി. പേപ്പർ രഹിതമായ ഈ പുതിയ സംവിധാനം യാത്രികർക്ക് സുരക്ഷിതവും വേഗമേറിയതുമായ യാത്രാനുഭവം നൽകുമെന്നും രാജ്യത്തിന്റെ ആരോഗ്യ സുരക്ഷയെ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. അന്താരാഷ്ട്ര യാത്രികർക്ക് https://airsuvidha.civilaviation.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫോം പൂരിപ്പിക്കാവുന്നതാണ്.



