കുവൈത്ത് സിറ്റി: മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതും കാലാവധി കഴിഞ്ഞതുമായ ചേരുവകൾ ഉപയോഗിച്ച് കേക്കും മധുരപലഹാരങ്ങളും തയ്യാറാക്കിയ സ്ഥാപനത്തിനെതിരെ കുവൈത്ത് അധികൃതർ നടപടി സ്വീകരിച്ചു.ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റിയുടെ ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. മായം കലർന്ന ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയതായും പരിശോധനയിൽ കണ്ടെത്തി.
സ്ഥാപനത്തിൽ നിന്ന് കണ്ടെത്തിയ 210.943 കിലോഗ്രാം ഉപയോഗയോഗ്യമല്ലാത്തതും മായം കലർന്നതുമായ ഭക്ഷ്യവസ്തുക്കൾ അധികൃതർ നശിപ്പിച്ചു.സ്ഥാപനത്തിനെതിരെ നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കിയതായും ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. ഭക്ഷ്യസ്ഥാപനങ്ങൾ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.



