കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്തിടെ നടപ്പിലാക്കിയ പുതിയ ലഹരി വിരുദ്ധ നിയമം വലിയ വിജയമാണെന്നും ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ മയക്കുമരുന്ന് വിപണന രംഗത്ത് കനത്ത പ്രഹരമേൽപ്പിക്കാൻ ഇതിലൂടെ സാധിച്ചതായും കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ മുഹമ്മദ് അൽ-അരീദി.
പുതിയ നിയമത്തിലെ കടുത്ത ശിക്ഷാനടപടികൾ കാരണം രാജ്യത്ത് പിടിച്ചെടുക്കുന്ന മയക്കുമരുന്നിന്റെ അളവിൽ 80 ശതമാനത്തോളം കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ചില പ്രത്യേക മയക്കുമരുന്ന് ഇനങ്ങൾ പ്രാദേശിക വിപണിയിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായി. കൂടാതെ മയക്കുമരുന്ന് കടത്ത്, വിതരണം, കള്ളക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ വലിയ രീതിയിലുള്ള കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിയമത്തിന്റെ കർശനമായ നടത്തിപ്പാണ് ലഹരി മാഫിയയെ തളച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജൂൺ 26 മുതൽ ‘സംയുക്ത ഗൾഫ് ലഹരി വിരുദ്ധ വാരം’ (Joint Gulf Anti-Narcotics Week) ആരംഭിക്കുമെന്നും കേണൽ മുഹമ്മദ് അൽ-അരീദി അറിയിച്ചു. മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ചും അവ വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചും ജനങ്ങളിൽ ബോധവൽക്കരണം ശക്തമാക്കാൻ ഗൾഫ് കോപ്പറേഷൻ കൗൺസിൽ രാജ്യങ്ങൾ സംയുക്തമായി രൂപീകരിച്ച മാധ്യമ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പ്രചാരണം.



