കുവൈറ്റ് സിറ്റി: ഹലാൽ ഭക്ഷണ സേവനങ്ങളുമായി ബന്ധപ്പെട്ട വാണിജ്യ പ്രവർത്തനങ്ങളുടെ വർഗ്ഗീകരണത്തിൽ കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം ഭേദഗതി വരുത്തി. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾക്കിടയിലുള്ള ഏകീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്.
2026-ലെ 33-ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരം, നേരത്തെ ‘ഹലാൽ ഭക്ഷണ കൺസൾട്ടിംഗും ലബോറട്ടറി ഉപകരണങ്ങളും’ എന്ന് രേഖപ്പെടുത്തിയിരുന്ന വാണിജ്യ പ്രവർത്തനത്തെ ഇനി മുതൽ ‘ഹലാൽ ഭക്ഷണ കൺസൾട്ടിംഗ്’ എന്ന് മാത്രമായി പരിമിതപ്പെടുത്തി. പ്രൊഫഷണൽ, ശാസ്ത്രീയ, സാങ്കേതിക, കൺസൾട്ടിംഗ് സേവന വിഭാഗത്തിന് കീഴിലാണ് ഈ പ്രവർത്തന മേഖല വരുന്നത്. 74909101 എന്ന അന്താരാഷ്ട്ര കോഡാണ് ഈ പരിഷ്കരിച്ച വർഗ്ഗീകരണത്തിന് നൽകിയിരിക്കുന്നത്.
പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആന്റ് ന്യൂട്രീഷനുമായി ഏകോപിപ്പിച്ചായിരിക്കും ഈ മേഖലയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക പ്രവർത്തനങ്ങൾ തരംതിരിക്കുന്നതിനായി അംഗീകരിച്ച ഏകീകൃത മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് കുവൈറ്റും ഈ മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. വിപണിയിലെ സുതാര്യത ഉറപ്പാക്കാനും ഗൾഫ് മേഖലയിലെ വ്യാപാര നിയമങ്ങൾ ഏകീകരിക്കാനും ഈ നീക്കം സഹായിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.
