കുവൈത്ത് സിറ്റി: കുവൈത്തിൽ ചൂടും ഉയർന്ന ഈർപ്പവുമുള്ള കാലാവസ്ഥ തുടരുന്നതിനൊപ്പം നേരിയ മൂടൽമഞ്ഞ് കാരണം ചില പ്രദേശങ്ങളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സാഹചര്യം ചൊവ്വാഴ്ച പുലർച്ചെ വരെ തുടരാനാണ് സാധ്യത.ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തോടൊപ്പം ചൂടും ഈർപ്പവുമുള്ള വായുപിണ്ഡം രാജ്യത്തെ ബാധിക്കുന്നതാണ് നിലവിലെ കാലാവസ്ഥയ്ക്ക് കാരണമെന്ന് ആക്ടിംഗ് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ദറാർ അൽ-അലി കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലാണ് ഈർപ്പം കൂടുതൽ അനുഭവപ്പെടുക.
വൈകുന്നേരത്തോടെ അന്തരീക്ഷ ഈർപ്പം ക്രമേണ വർധിക്കും. നേരിയ മൂടൽമഞ്ഞ് രൂപപ്പെടുന്നതിനാൽ തീരപ്രദേശങ്ങളിൽ കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്. മണിക്കൂറിൽ 8 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ ദിശ മാറിയും തെക്കുകിഴക്കൻ ദിശയിലുമായിരിക്കും കാറ്റ് വീശുക.പകൽ സമയത്ത് ചൂടും ഈർപ്പവും അനുഭവപ്പെടും. രാത്രിയിലും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ, ചൂടും ഉയർന്ന ഈർപ്പവും തുടരും.
രാജ്യത്തെ പരമാവധി താപനില 44 മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെയും, കുറഞ്ഞ താപനില 30 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്നാണ് പ്രവചനം.കാലാവസ്ഥയിലെ ഏറ്റവും പുതിയ മാറ്റങ്ങൾ അറിയാൻ കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ പിന്തുടരണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.



