കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജലീബ് അൽ- ഷുയൂഖിൽ വൻ ലഹരിമരുന്ന് വേട്ടയുമായി സുരക്ഷാ അധികൃതർ. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസും സംയുക്തമായി നടത്തിയ റെയ്ഡിൽ വലിയൊരു ലഹരിമരുന്ന് ശേഖരം പിടിച്ചെടുക്കുകയും ഇതിന് പിന്നിൽ പ്രവർത്തിച്ച ബംഗ്ലാദേശ് സ്വദേശിയായ പ്രവാസിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഒരു പ്രമുഖ ഷിപ്പിംഗ് കമ്പനി വഴി രാജ്യത്തേക്ക് എത്തിയ സംശയാസ്പദമായ പാഴ്സലിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വിഭാഗത്തിന് കൃത്യമായ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ വിരിച്ച വലയിൽ, പാക്കേജ് കൈപ്പറ്റാൻ എത്തിയ പ്രതി കൃത്യമായി കുടുങ്ങുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ, അതീവ മാരകമായ ലഹരി രാസവസ്തുക്കൾ മുക്കിയ 80 പേപ്പറുകൾ ഈ പാഴ്സലിൽ നിന്നും കണ്ടെടുത്തു. തുടർന്ന് പിടിയിലായ പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ വിശദമായ റെയ്ഡിൽ ഇതേ ലഹരിവസ്തു അടങ്ങിയ ഏഴ് പേപ്പറുകൾ കൂടി സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു.പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഒരു ഏഷ്യൻ രാജ്യത്തിലിരുന്ന് ഒരു വ്യക്തി നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ ഈ ലഹരിമരുന്ന് ശേഖരം കൈപ്പറ്റിയതെന്ന് പ്രതി സമ്മതിച്ചു.
രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ലഹരി ഉപയോക്താക്കൾക്ക് ഇത് വിതരണം ചെയ്യാനായിരുന്നു തനിക്ക് ലഭിച്ച ഉത്തരവെന്നും ഇയാൾ വെളിപ്പെടുത്തി. വിദേശത്തിരുന്ന് ഈ ലഹരി ശൃംഖല നിയന്ത്രിക്കുന്ന പ്രധാന പ്രതിയെ കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര സുരക്ഷാ സഹകരണ ചാനലുകൾ വഴി തുടർനടപടികൾ ഏകോപിപ്പിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. അറസ്റ്റിലായ പ്രതിയെയും പിടിച്ചെടുത്ത മാരക ലഹരിവസ്തുക്കളും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്.



