കുവൈത്തിലെ ജഹ്റ ഗവർണറേറ്റിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പോലീസ് നടത്തിയ വ്യാപക സുരക്ഷാ-ഗതാഗത പരിശോധനയിൽ 103 ഗതാഗത നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി നിരവധി പേരെയും അധികൃതർ പിടികൂടി.കാലാവധി കഴിഞ്ഞ റെസിഡൻസി പെർമിറ്റുമായി കഴിഞ്ഞിരുന്ന 15 പേർ, വിവിധ കേസുകളിൽ ആവശ്യപ്പെട്ടിരുന്ന 15 പേർ, തിരിച്ചറിയൽ രേഖകൾ കൈവശം ഇല്ലാതിരുന്ന 12 പേർ എന്നിവരാണ് പിടിയിലായത്.
കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ഒമ്പത് പേരെയും പരിശോധനയ്ക്കിടെ കണ്ടെത്തി. ബന്ധപ്പെട്ട അധികൃതർ അന്വേഷിച്ചിരുന്ന ഏഴ് വാഹനങ്ങളും പിടിച്ചെടുത്തു. കൂടാതെ മറ്റൊരു കേസിൽ ആവശ്യപ്പെട്ടിരുന്ന ഒരാളെയും അറസ്റ്റ് ചെയ്തു.പിടിയിലായവരെയും പിടിച്ചെടുത്ത വാഹനങ്ങളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.രാജ്യത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെയും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി എല്ലാ ഗവർണറേറ്റുകളിലും ഇത്തരം പരിശോധനകൾ തുടരുമെന്ന് എമർജൻസി പോലീസ് അറിയിച്ചു.



