HomeCommunityലോക കേരള സഭ പിരിച്ചുവിട്ട നടപടി: നയരൂപീകരണത്തിലെ പ്രവാസി പ്രാതിനിധ്യം ഇല്ലാതാക്കൽ - കേരള...

ലോക കേരള സഭ പിരിച്ചുവിട്ട നടപടി: നയരൂപീകരണത്തിലെ പ്രവാസി പ്രാതിനിധ്യം ഇല്ലാതാക്കൽ – കേരള അസോസിയേഷൻ കുവൈറ്റ്

spot_img

കുവൈറ്റ് സിറ്റി: കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലും സാമൂഹിക പുരോഗതിയിലും നിർണായക പങ്കുവഹിക്കുന്ന പ്രവാസികൾക്ക് സർക്കാരുമായി നേരിട്ട് സംവദിക്കാനും വികസന പ്രവർത്തനങ്ങളിലും നയരൂപീകരണത്തിലും പങ്കാളികളാകാനുമുള്ള വേദി എന്ന നിലയിൽ പ്രവർത്തിക്കുന്ന ‘ലോക കേരള സഭ’ പിരിച്ചുവിട്ടതിനെതിരെ കേരള അസോസിയേഷൻ കുവൈറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസികളുടെ ജനാധിപത്യപരമായ അവകാശങ്ങളെയും പ്രാതിനിധ്യത്തെയും പൂർണ്ണമായും കണ്ടില്ലെന്ന് നടിക്കുന്ന നടപടിയാണിതെന്ന് കേരള അസോസിയേഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കേരളം എന്നത് കേവലം ഒരു ഭൗതിക അതിർത്തിയല്ല, മറിച്ച് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ജനതയാണെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് ലോക കേരള സഭ രൂപീകരിച്ചത്. സഭയുടെ പ്രവർത്തനങ്ങൾ കേവലം ഒരു ചടങ്ങല്ലെന്ന് കഴിഞ്ഞകാല നേട്ടങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. ആദ്യ സമ്മേളനത്തിൽ 35 രാജ്യങ്ങളിൽ നിന്നായിരുന്ന പ്രവാസി പ്രാതിനിധ്യം അഞ്ചാം സഭയിലേക്ക് എത്തുമ്പോൾ 125-ലധികം രാജ്യങ്ങളിലേക്ക് വിപുലീകരിക്കപ്പെട്ടു.

പ്രവാസികൾക്കായി കേരളം മുന്നോട്ടുവെച്ച ഈ മാതൃക പിന്തുടരാൻ വിദേശകാര്യ മന്ത്രാലയം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളോട് ശുപാർശ ചെയ്യുകയുണ്ടായി. കഴിഞ്ഞ കാലങ്ങളിൽ ലോക കേരളസഭയുടെ നേതൃത്വത്തിൽ, തിരിച്ചെത്തുന്ന പ്രവാസികളുടെ സാമ്പത്തിക പുനഃസംയോജനത്തിനായി പ്രവാസി മിഷൻ രൂപീകരിക്കുകയും, പ്രവാസികൾക്കായി 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ഉറപ്പാക്കുന്ന ‘നോർക്ക കെയർ’, 5 ലക്ഷം മുതൽ ഒരു കോടി രൂപയുടെ നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ യാഥാർത്ഥ്യമാക്കുകയും ചെയ്തു. വിദേശ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾ തടയുന്നതിനായി എൻ.ആർ.ഐ പോലീസ് സ്റ്റേഷൻ, സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, സൗജന്യ മാനസിക-ആയുർവേദ കൺസൾട്ടേഷനുകൾ നൽകുന്ന ‘ലോക കേരളം ഓൺലൈൻ’ പോർട്ടൽ തുടങ്ങിയ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. ഇങ്ങനെ മികവാർന്ന നേട്ടങ്ങൾ പ്രവാസിസമൂഹത്തിനാകെ വേണ്ടി കൈവരിക്കാൻ സാധിച്ചു. മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളിൽ വിദ്യാർത്ഥി കുടിയേറ്റം, പ്രവാസി നിക്ഷേപങ്ങൾ, നൈപുണ്യ വിനിമയം, വിദേശത്തെ തൊഴിൽ കരാറുകളിലെ സുരക്ഷ തുടങ്ങി നിരവധി പുതിയ വിഷയങ്ങളിൽ ഇനിയും സർക്കാരുമായി ചേർന്ന് പ്രവാസിസമൂഹത്തിനായി ലോകകേരളസഭയ്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്.കഴിഞ്ഞ ദുരിത കാലങ്ങളിൽ എല്ലാം തന്നെ കേരളത്തിന് തുണയായി നിന്നവരാണ് പ്രവാസി സമൂഹം. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും പുനരധിവാസം കൂടുതൽ ശക്തമാക്കാനും ഉതകുന്ന ഇത്തരം ഒരു ജനാധിപത്യ വേദി ഇല്ലാതാക്കുന്നത് പ്രവാസി സമൂഹത്തോട് കാണിക്കുന്ന വലിയ അനീതിയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ലോക കേരള സഭ പിരിച്ചുവിട്ടത് പ്രവാസിസമൂഹത്തിന്റെ അവകാശങ്ങളോട് മുഖം തിരിക്കുന്നതും ജനാധിപത്യസംവിധാനങ്ങളെ ഇല്ലായ്മ ചെയ്യുന്ന സമീപനം ആണ്. പ്രവാസികളുടെ ആവശ്യങ്ങളെയും അവകാശങ്ങളെയും മുൻനിർത്തി ലോക കേരള സഭയെ നിലനിർത്തണമെന്ന് കേരള അസോസിയേഷൻ കുവൈറ്റ് ശക്തമായി ആവശ്യപ്പെടുന്നു. അഴിമതിയും ധൂർത്തും നടന്നിട്ടുണ്ടെങ്കിൽ പരിശോധിച്ച് പൊതുജന സമക്ഷത്ത്‌ കൊണ്ടുവരാൻ സർക്കാർ ഉത്തരവാദിത്തം കാട്ടണമെന്നും ലോകകേരള സഭ കൂടുതൽ കാര്യക്ഷമമായി നടത്താൻ സർക്കാർ തയ്യാറാകണമെന്നും കേരള അസോസിയേഷൻ കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!