കുവൈത്ത്: പെൺകുട്ടികൾക്കായുള്ള ഒരു സെക്കൻഡറി സ്കൂളിൽ നിരവധി വിദ്യാർഥിനികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നിലവിൽ എല്ലാ വിദ്യാർഥിനികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.
വിദ്യാർഥിനികളുടെ ആരോഗ്യനില വിദ്യാഭ്യാസ മന്ത്രി എൻജിനീയർ സയ്യിദ് ജലാൽ അൽ-തബ്തബായി നേരിട്ട് നിരീക്ഷിക്കുകയും ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു.സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനും ഉത്തരവാദിത്തം നിർണയിക്കുന്നതിനുമായി അടിയന്തര അന്വേഷണം നടത്താനും മന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാന പരിഗണനയെന്നും സ്കൂൾ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വീഴ്ചകളോ നിയമലംഘനങ്ങളോ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.



