കുവൈത്ത്സിറ്റി: വിവിധ ആരോഗ്യ മേഖലകളിലെ നഴ്സുമാർക്കായി ആധുനിക രീതിയിലുള്ള താമസസൗകര്യങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള ബിഡുകൾക്ക് അംഗീകാരം നൽകി കുവൈത്ത് സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ്. ആരോഗ്യ മന്ത്രാലയത്തിന്റെ ആവശ്യപ്രകാരം സമർപ്പിച്ച സാങ്കേതിക മൂല്യനിർണ്ണയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡയറക്ടർ ബോർഡ് യോഗം ടെൻഡറുകൾക്ക് അന്തിമ അനുമതി നൽകിയത്.
ടെക്നിക്കൽ മൂല്യനിർണ്ണയത്തിൽ യോഗ്യത നേടിയ നാല് പ്രമുഖ കൺസൾട്ടിംഗ് ഫാമുകളുടെ സാമ്പത്തിക ബിഡുകൾ തുറക്കാനുള്ള നടപടികൾക്ക് സി.എ.പി.ടി തുടക്കം കുറിച്ചു. അതേസമയം, ആവശ്യമായ യോഗ്യതകൾ പൂർത്തിയാക്കാൻ സാധിക്കാത്ത മൂന്ന് കമ്പനികളുടെ അപേക്ഷകൾ ഏജൻസി തള്ളി. ബിഡ് അംഗീകരിക്കപ്പെട്ട കമ്പനികൾക്ക് തുടർനടപടികളുടെ വിവരങ്ങൾ സി.എ.പി.ടിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കാവുന്നതാണ്.
അതേസമയം, മറ്റ് ചില പ്രധാന പദ്ധതികളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളിൽ ബോർഡ് തീർപ്പു കൽപ്പിച്ചു. സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയുമായി (ഗ്രൂപ്പ് 1 മുതൽ 4 വരെ) ബന്ധപ്പെട്ട് ഒരു കരാർ കമ്പനി സമർപ്പിച്ച പരാതി അധികൃതർ തള്ളി. കൂടാതെ, ആരോഗ്യ മന്ത്രാലയത്തിന്റെ പ്രൈമറി ഡാറ്റാ സെന്റർ ആധുനികവത്കരിക്കുന്നതിനുള്ള ടെൻഡറിനെതിരെ ലഭിച്ച മറ്റൊരു അപ്പീലും സി.എ.പി.ടി നിരാകരിച്ചു.



