കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടകോത്സവം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഫ്യൂച്ചർ ഐ തീയറ്റർ കുവൈറ്റ് സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥിന് നിവേദനം സമർപ്പിച്ചു. ഫ്യൂച്ചർ ഐ തീയറ്റർ രക്ഷാധികാരി ഷമെജ് കുമാർ മന്ത്രിയെ നേരിൽ കണ്ടാണ് നിവേദനം നൽകിയത്.പ്രവാസലോകത്തെ നാടക കലാകാരന്മാർക്ക് അവരുടെ പ്രതിഭ തെളിയിക്കാനുള്ള വേദിയെന്ന നിലയിൽ ഇത്തരം നാടകോത്സവങ്ങളും മത്സരങ്ങളും ഏറെ സഹായകരമായിരുന്നുവെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ നടന്നിരുന്ന ഗൾഫ് പ്രവാസി നാടക മത്സരം കുവൈറ്റ് ഉൾപ്പെടെയുള്ള ജി.സി.സി. രാജ്യങ്ങളിലെ നിരവധി കലാകാരന്മാർക്ക് കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രവാസി കലാകാരന്മാരുടെ സൃഷ്ടിപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും കേരളത്തിന്റെ നാടക പാരമ്പര്യവുമായി അവരുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇത്തരം വേദികൾ വലിയ പ്രാധാന്യമുള്ളതാണെന്നും നിവേദനത്തിൽ വ്യക്തമാക്കി.വിഷയം വിശദമായി പഠിച്ച ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് മന്ത്രി പി. സി. വിഷ്ണുനാഥ് ഉറപ്പ് നൽകിയതായി ഫ്യൂച്ചർ ഐ തീയറ്റർ ഭാരവാഹികൾ അറിയിച്ചു.



