സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച അഞ്ച് പേരിൽ രണ്ട് മലയാളികളും. കോട്ടയം പാല സ്വദേശി ജെയ്സിമോൾ മാത്യു (46), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ.രണ്ട് പേർ തമിഴ്‌നാട് സ്വദേശികളാണ്.തമിഴ്‌നാട് തിരുച്ചിറപ്പിള്ളി സ്വദേശി ദേവമ്മ ഹെപ്സിബ (33), ചെന്നൈ സ്വദേശിനി വിജയലക്ഷ്മി എന്നിവരാണ് മരിച്ച തമിഴ്‌നാട് സ്വദേശികൾ. വിജയലക്ഷ്മി മൂന്നാറിൽ ജനിച്ചുവളർന്ന ശേഷം ചെന്നൈയിലേക്ക് താമസം മാറുകയായിരുന്നു. വാഹനത്തിന്‍റെ ഡ്രൈവറായ സൗദി പൗരനും മരണപ്പെട്ടു.
ഇവർ സഞ്ചരിച്ച വാഹനത്തിലേക്ക് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.അഞ്ചുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. സൗദി സർക്കാർ ഡിസ്പൻസറികളിൽ ജീവനക്കാരാണ് മരിച്ചത്. മക്ക പ്രവിശ്യ അൽഗഫ, അൽബേ എന്നീ പ്രദേശങ്ങളിലെ ഡിസ്പെൻസറികളിൽ ജോലി ചെയ്യുകയായിരുന്നു നഴ്സുമാർ. അവധി ദിനമായതിനാൽ പർച്ചേസിനായി 100 കിലോമീറ്റർ അകലെയുള്ള റാനിയ എന്ന പട്ടണത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഓഫ് റോഡിൽ നിന്ന് കയറി വന്ന വാഹനം ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വാരാന്ത്യങ്ങളിലാണ് നഴ്സുമാർ ആവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നതിന് പോകാറുള്ളത്.
ഇന്നലെ അവധിയായതിനാൽ സ്ഥാപനത്തിലെ സൗദി പൗരനായ ഡ്രൈവർക്കൊപ്പം പോകുമ്പോഴായിരുന്നു അപകടമെന്നാണ് അറിയുന്നത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അപകടമുണ്ടായത്. അപകടത്തിൽപെട്ടത് മലയാളികളും തമിഴ്നാട്ടുകാരുമാണെന്ന വിവരം രാത്രി വൈകിയാണ് പുറത്തുവന്നത്. മരിച്ചവരുടെ സൗദിയിലുള്ള ബന്ധുക്കളും സംഭവ സ്ഥലത്തേക്ക് എത്തുന്നുണ്ട്. ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ജിദ്ദ കോൺസുലേറ്റിന്‍റെയും കെഎംസിസിയുടെയും നേതൃത്വത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത്.



