കുവൈറ്റ് സിറ്റി: സങ്കീർണ്ണമായ ഹൃദയ വാൽവ് തകരാറുകൾക്കുള്ള അത്യാധുനിക മിനിമലി ഇൻവേസീവ് ചികിത്സാ പദ്ധതിയുടെ ഭാഗമായി ജാബർ ആശുപത്രിയിൽ 100-ലധികം ‘ടാവർ’ (TAVR – Transcatheter Aortic Valve Replacement) പ്രൊസീജിയറുകൾ വിജയകരമായി പൂർത്തിയാക്കിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹൃദയസംബന്ധമായ പ്രത്യേക ചികിത്സകൾ വികസിപ്പിക്കുന്നതിന്റെയും രോഗികൾക്ക് ഉന്നത നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന്റെയും ഭാഗമായാണ് ഈ നേട്ടം.
ജാബർ ആശുപത്രിയിലെ കാർഡിയാക് കാത്തറ്ററൈസേഷൻ യൂണിറ്റിന് കീഴിലുള്ള ഹാർട്ട് വാൽവ് ട്രീറ്റ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ ശസ്ത്രക്രിയകൾ നടപ്പിലാക്കിയത്. പരമ്പരാഗത രീതിയിലുള്ള തുറന്നുള്ള ശസ്ത്രക്രിയകളുടെ ആവശ്യകത ഒഴിവാക്കാനും, രോഗികളുടെ രോഗമുക്തി വേഗത്തിലാക്കാനും, ചികിത്സാ ഫലങ്ങൾ കൂടുതൽ മികച്ചതാക്കാനും ഈ നൂതന സാങ്കേതികവിദ്യ സഹായകരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.



