കുവൈറ്റ് സിറ്റി: കുവൈറ്റിൽ വാരന്ത്യം മുതൽ കാലാവസ്ഥയിൽ പ്രകടമായ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ദറാർ അൽ-അലി അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം മുതൽ ആരംഭിക്കുന്ന മഴ അടുത്ത ബുധനാഴ്ച വരെ തുടരാനാണ് സാധ്യത. വിവിധ ഇടങ്ങളിൽ ലഘുവായതോ മിതമായതോ ആയ മഴ ലഭിക്കും. ചിലയിടങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ട്. ഇത് കാഴ്ചപരിധിയെ ബാധിച്ചേക്കാം. പകൽ സമയങ്ങളിൽ പൊതുവെ ചൂടുള്ള കാലാവസ്ഥയും രാത്രിയിൽ നേരിയ തണുപ്പും അനുഭവപ്പെടും. വെള്ളിയാഴ്ച പകൽ ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും. എന്നാൽ ശനിയാഴ്ചയോടെ കാറ്റ് ശക്തമാവുകയും രാത്രിയോടെ മഴ പെയ്യാൻ തുടങ്ങുകയും ചെയ്യും. ഈ സാഹചര്യത്തിൽ പുറത്തിറങ്ങുന്നവരും വാഹനയാത്രക്കാരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
