കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ താമസസ്ഥലത്ത് അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന ‘ഹുസൈനിയ’ ആഭ്യന്തര മന്ത്രാലയം കണ്ടെത്തി അടച്ചുപൂട്ടി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് നേരിട്ടെത്തിയാണ് ഈ സുരക്ഷാ നടപടികൾക്ക് മേൽനോട്ടം വഹിച്ചത്. സമൂഹമാധ്യമങ്ങൾ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അന്വേഷണം ആരംഭിച്ചത്.ചരിത്ര സംഭവങ്ങളെ വികലമായി ചിത്രീകരിക്കുന്നതും വിഭാഗീയത സൃഷ്ടിക്കുന്നതുമായ ഉള്ളടക്കങ്ങൾ ഒരു പ്രത്യേക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രചരിപ്പിക്കുന്നത് അധികൃതർ കണ്ടെത്തി. അന്വേഷണത്തിൽ ഈ ദൃശ്യങ്ങൾ ചിത്രീകരിച്ചത് സ്വകാര്യ വീടിനുള്ളിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഹുസൈനിയയിലാണെന്ന് വ്യക്തമായി. മതപരമായ ചടങ്ങുകൾക്കായി പ്രത്യേക സെറ്റുകളും ഉപകരണങ്ങളും ഇവിടെ ഒരുക്കിയിരുന്നു. അനുമതിയില്ലാതെ ഇത്തരത്തിൽ മതപരമായ ഒത്തുചേരലുകൾ നടത്തിയത് അയൽവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും പൊതു ക്രമത്തെ ബാധിക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.
ലൈസൻസില്ലാതെ പ്രവർത്തിച്ച ഹുസൈനിയ അടച്ചുപൂട്ടി
INTERNATIONAL


