കുവൈറ്റ് സിറ്റി: രാജ്യത്തെ നിയമവ്യവസ്ഥയുടെ അന്തസ്സും പ്രൊഫഷണൽ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അഭിഭാഷകർക്കെതിരെ കർശന നടപടികളുമായി കുവൈറ്റ് ലോയേഴ്സ് സൊസൈറ്റി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ട നിരവധി അഭിഭാഷകരുടെ രജിസ്ട്രേഷൻ കോടതിയുടെ അന്തിമ വിധി വരുന്നത് വരെ സൊസൈറ്റി താൽക്കാലികമായി റദ്ദാക്കി.
Lകൂടാതെ, കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട ഒരു അഭിഭാഷകനെ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് സ്ഥിരമായി അയോഗ്യനാക്കി പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.ഗൗരവകരമായ തൊഴിൽപരമായ ലംഘനങ്ങൾ നടത്തിയ നിരവധി അഭിഭാഷകരെ കൂടുതൽ അന്വേഷണങ്ങൾക്കും അച്ചടക്ക നടപടികൾക്കുമായി ബന്ധപ്പെട്ട അതോറിറ്റികൾക്ക് സൊസൈറ്റി കൈമാറി. നിയമം അനുശാസിക്കുന്ന ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ സൊസൈറ്റി നൽകുന്നത്.ഇതോടൊപ്പം തന്നെ, നിയമവിരുദ്ധമായി പ്രവർത്തിച്ച രണ്ട് ലോ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും സൊസൈറ്റി ഉത്തരവിട്ടു.
കുവൈറ്റിൽ പ്രാക്ടീസ് ചെയ്യാൻ ലൈസൻസില്ലാത്ത വിദേശികളാണ് ഈ സ്ഥാപനങ്ങൾ നിയന്ത്രിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. നിലവിലുള്ള നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നതെന്നും സൊസൈറ്റി വ്യക്തമാക്കി. അഭിഭാഷക വൃത്തിയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് സൊസൈറ്റി അധികൃതർ അറിയിച്ചു.
