കുവൈത്ത് സിറ്റി: ജഹ്റ ഇൻഡസ്ട്രിയൽ ഏരിയയിൽ കടകൾക്ക് മുന്നിലെ പൊതുസ്ഥലങ്ങൾ അനധികൃതമായി കൈയേറി പാർക്കിംഗിനും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിച്ച സംഭവങ്ങളിൽ കുവൈത്ത് മുനിസിപ്പാലിറ്റി 120 നിയമലംഘന നോട്ടീസുകൾ നൽകി.ആറ് ഗവർണറേറ്റുകളിലായി പൊതുശുചിത്വവും റോഡ് അധിനിവേശവും നിരീക്ഷിക്കുന്ന വിഭാഗങ്ങൾ ചേർന്ന് നടത്തിയ അഞ്ചാമത്തെ പരിശോധനാ ക്യാമ്പെയ്നിന്റെ ഭാഗമായാണ് ജഹ്റ മുനിസിപ്പാലിറ്റിയുടെ പരിശോധന സംഘം വ്യാപക പരിശോധന നടത്തിയത്.
പൊതുസ്ഥലങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുകയാണ് ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. എല്ലാ ഗവർണറേറ്റുകളിലും ഇത്തരം ഫീൽഡ് പരിശോധനകൾ തുടരുമെന്നും നിയമലംഘകരെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

