കുവൈത്ത് സിറ്റി: കുവൈത്തിന്റെ പ്രാദേശിക സമുദ്ര അതിർത്തി ലംഘിച്ച് രാജ്യത്തേക്ക് അനധികൃതമായി കടന്നുകയറുകയും അതീവ സുരക്ഷയുള്ള സൈനിക താവളത്തിൽ അതിക്രമിച്ചു കടക്കാൻ ശ്രമിക്കുകയും ചെയ്ത നാല് ഇറാൻ റവല്യൂഷണറി ഗാർഡ് ഓഫീസർമാരുടെ വിചാരണ ജൂൺ 11-ന് ആരംഭിക്കും. ജഡ്ജി നാസർ അൽ ബദറിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയുടെ സ്റ്റേറ്റ് സെക്യൂരിറ്റി സർക്യൂട്ടാണ് കേസ് പരിഗണിക്കുന്നത്. കുവൈത്തിന്റെ സമുദ്ര അതിർത്തികൾ ലംഘിച്ച പ്രതികൾ ബോട്ടുകളും ആധുനിക നാവിഗേഷൻ സംവിധാനങ്ങളും ഫീൽഡ് ഉപകരണങ്ങളും ഉപയോഗിച്ചാണ് അതീവ സുരക്ഷിതമായ സൈനിക മേഖലയിലേക്ക് കടന്നുകയറിയതെന്ന് പബ്ലിക് പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
രാജ്യത്തെ പ്രധാനപ്പെട്ട സൈനിക, സുരക്ഷാ താവളങ്ങളെയും പരമാധികാര സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുകയോ വിവരങ്ങൾ ചോർത്തുകയോ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ എത്തിയതെന്നാണ് കണ്ടെത്തൽ. പ്രതികളിൽ നിന്ന് മാരകായുധങ്ങൾ, വെടിക്കോപ്പുകൾ, അത്യാധുനിക ആശയവിനിമയ ഉപകരണങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ ഉണ്ടായ വൻ സുരക്ഷാവീഴ്ചയായതിനാൽ അതീവ ഗൗരവത്തോടെയാണ് കുവൈത്ത് കോടതി ഈ കേസിനെ വീക്ഷിക്കുന്നത്.

