ഇന്ത്യയിൽ നിന്നുള്ള രണ്ട് സമാധാനദൗത്യസേന അംഗങ്ങൾക്ക് ഐക്യരാഷ്ട്രസഭ (യുണൈറ്റഡ് നേഷൻസ്- യുഎൻ) യുടെ മരണാനന്തര ആദരവ്. കടമ നിർവഹിക്കുന്നതിനിടയിൽ ജീവൻ ബലിയർപ്പിച്ച ലാൻസ് ഹവിൽദാർ ഹർഭജൻ സിങ്ങിനും നായിബ് സുബേദാർ സുജിത് കുമാർ പ്രധാനിനും മരണാനന്തര ബഹുമതിയായി ഡാഗ് ഹാമാർസ്കോൾഡ് മെഡൽ സമ്മാനിക്കും. കൂടാതെ, ഇന്ത്യൻ സൈന്യത്തിന്റെ മേജർ അഭിലാഷ ബരാക് ഐക്യരാഷ്ട്രസഭയുടെ 2025ലെ മിലിട്ടറി ജെൻഡർ അവാർഡ് ഏറ്റുവാങ്ങും.
ഇന്ത്യയിലെ ആദ്യ വനിതാ കോംബാറ്റ് ഹെലികോപ്റ്റർ പൈലറ്റാണ് മേജർ അഭിലാഷ ബരാക്. ലെബനനിലെ സമാധാന ദൗത്യത്തിനിടയിൽ സ്ത്രീകളുമായും പെൺകുട്ടികളുമായുമുള്ള അവരുടെ സുപ്രധാന ഇടപെടലിനുള്ള അംഗീകാരമാണിത്. നിലവിൽ ഐക്യരാഷ്ട്രസഭയുടെ ലെബനൻ ഇടക്കാല ദൗത്യത്തിൽ (UNIFIL) സേവനമനുഷ്ഠിക്കുന്ന മേജർ അഭിലാഷ ബരാക്, മേയ് 29ന് നടക്കുന്ന അന്താരാഷ്ട്ര ഐക്യരാഷ്ട്രസഭ സമാധാന ദൗത്യദിനത്തിന്റെ ഭാഗമായി അഭിമാനകരമായ പുരസ്കാരം ഏറ്റുവാങ്ങും.
ലോകമെമ്പാടുമുള്ള സമാധാനദൗത്യങ്ങളിൽ സേവനമനുഷ്ഠിക്കുമ്പോൾ ജീവൻ ബലിയർപ്പിച്ച സമാധാന സേനാംഗങ്ങൾക്ക് (ബ്ലൂ ഹെൽമെറ്റ്സ്) ആദരാഞ്ജലികൾ അർപ്പിക്കുന്നതിനാണ് ഈ ദിനം എല്ലാ വർഷവും സംഘടിപ്പിക്കുന്നത്. മേജർ സുമൻ ഗവാനിക്കും മേജർ രാധിക സെന്നിനും ശേഷം ഇന്ത്യയിൽ നിന്ന് ഈ അഭിമാനകരമായ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് മേജർ അഭിലാഷ ബരാക്. UNIFIL-ലെ ഇന്ത്യൻ ബറ്റാലിയനിലെ ഫീമെയിൽ എൻഗേജ്മെൻ്റ് ടീമിൻ്റെ (FET) കമാൻഡറായി സേവനമനുഷ്ഠിക്കുകയാണ് മേജർ അഭിലാഷ ബരാക്.
ഐക്യരാഷ്ട്രസഭയുടെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ സ്ഥിരതാ മിഷനിൽ (MONUSCO) സേവനമനുഷ്ഠിച്ച ലാൻസ് ഹവിൽദാർ ഹർഭജൻ സിങ്ങിനും ഐക്യരാഷ്ട്രസഭയുടെ ദക്ഷിണ സുഡാൻ മിഷനിൽ (UNMISS) വിന്യസിക്കപ്പെട്ട നായിബ് സുബേദാർ സുജിത് കുമാർ പ്രധാനിനും മരണാനന്തര ബഹുമതി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് സമ്മാനിക്കും. 68 സൈനിക, പോലീസ്, സിവിൽ സമാധാന ദൗത്യ അംഗങ്ങൾക്ക് മരണാനന്തര ബഹുമതിയായി ഡാഗ് ഹാമാർസ്കോൾഡ് മെഡൽ സമ്മാനിക്കുന്ന ചടങ്ങിൽ ഗുട്ടെറസ് അധ്യക്ഷത വഹിക്കും.

