കുവൈത്ത്സിറ്റി: കടുത്ത വേനൽച്ചൂടിൽ നിന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പ്രഖ്യാപിച്ചിട്ടുള്ള ഉച്ചസമയത്തെ പുറംജോലി നിരോധനം കൃത്യമായി പാലിക്കാൻ കമ്പനികൾക്കും തൊഴിലുടമകൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം. 2026 ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെയുള്ള മൂന്ന് മാസക്കാലയളവിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഉച്ചയ്ക്ക് 11:00 മണി മുതൽ വൈകുന്നേരം 4:00 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിക്കാൻ പാടില്ലെന്നാണ് ഉത്തരവ്. വേനൽക്കാലത്തെ കടുത്ത ചൂടിൽ നിന്നും തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടിയെന്ന് മന്ത്രാലയത്തിന്റെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം വ്യക്തമാക്കി.

