കുവൈറ്റ് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് മാഫിയകൾക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി 17 പുതിയ പദാർത്ഥങ്ങളെക്കൂടി നിരോധിത മയക്കുമരുന്ന്-ലഹരി പദാർത്ഥങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. മയക്കുമരുന്നും മനോരോഗമുണ്ടാക്കുന്നതുമായ പദാർത്ഥങ്ങളുടെ ഉപയോഗവും കടത്തും തടയുന്നതുമായി ബന്ധപ്പെട്ട 159/2025-ാം നമ്പർ നിയമപ്രകാരമുള്ള അംഗീകൃത പട്ടികയിലാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
ഇതുസംബന്ധിച്ച പുതിയ ഉത്തരവിൽ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഒപ്പുവെച്ചു.പുതിയ രൂപത്തിൽ വിപണിയിലെത്തുന്ന ലഹരി പദാർത്ഥങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് തടയുന്നതിനും, മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ആഗോള മാറ്റങ്ങൾക്ക് അനുസൃതമായി ദേശീയ പ്രതിരോധ സംവിധാനങ്ങളെ സജ്ജമാക്കുന്നതിനുമാണ് ഈ അടിയന്തിര നടപടി. ഔദ്യോഗിക ഗസറ്റായ ‘കുവൈറ്റ് അൽ-യൗമിൽ’ പ്രസിദ്ധീകരിച്ച ഉത്തരവ് പ്രകാരം, ഈ 17 ലഹരി പദാർത്ഥങ്ങൾക്കൊപ്പം അവയുടെ ധാതുക്കൾ, ഐസോടോപ്പുകൾ, ഡെറിവേറ്റീവുകൾ (ഉത്പന്നങ്ങൾ), ഹൈഡ്രോലിസേറ്റുകൾ എന്നിവയും നിയമവിരുദ്ധ പട്ടികയിൽ ഉൾപ്പെടും.
ഉത്തരവിലെ ഒന്നാം വകുപ്പ് പ്രകാരം എൻ-പൈറോളിഡിനോപ്രോട്ടോണിറ്റാസിൻ (N1-135), എൻ-പൈറോളിഡിനോപ്രോട്ടോണിറ്റാസിൻ (N1-136), എറ്റോണിറ്റാസെപിപൈൻ (N1-137), എൻഡെസൈലിസോടോണിറ്റാസിൻ (N1-138) എന്നീ നാല് വീര്യമേറിയ ലഹരി പദാർത്ഥങ്ങളെ പട്ടികയിലെ ഗ്രൂപ്പ് ഒന്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് വകുപ്പുകൾ പ്രകാരം ബാക്കി 13 പദാർത്ഥങ്ങളെയും അവയുടെ അനുബന്ധ ഘടകങ്ങളെയും ഗ്രൂപ്പ് രണ്ട്, ഗ്രൂപ്പ് നാല് എന്നീ വിഭാഗങ്ങളിലായാണ് തരംതിരിച്ചിരിക്കുന്നത്. നിയമം ലംഘിച്ച് ഇവ കൈവശം വെക്കുന്നതും വിപണനം നടത്തുന്നതും കടുത്ത ശിക്ഷാർഹമായ കുറ്റമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

